KeralaNEWS

ചന്ദ്രബോസ് വധക്കേസ്: ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന നിഷാമിന്റെ ഹർജിയിൽ സർക്കാരിന് നോട്ടിസ്

തൃശൂർ: ഫ്ലാറ്റ് സമുച്ചയത്തിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാം ജീവപര്യന്തം തടവിനെതിരെ നൽകിയ ഹർജിയിൽ സംസ്ഥാനത്തിനും എതിർകക്ഷികൾക്കും സുപ്രീം കോടതിയുടെ നോട്ടിസ്. ജീവപര്യന്തം വിധിച്ച ശിക്ഷാവിധി റദ്ദാക്കണമെന്നാണ് മുഹമ്മദ് നിഷാമിന്റെ ഹർജിയിലെ ആവശ്യം. ഹർജി തീർപ്പാക്കുന്നതു വരെ ജാമ്യം നൽകണമെന്ന ആവശ്യത്തിലും നോട്ടിസ് അയച്ചു.

ഒൻപത് വർഷമായി മുഹമ്മദ് നിഷാം ജയിലിൽ കഴിയുകയാണെന്ന് അദ്ദേഹത്തിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി, ഹാരിസ് ബീരാൻ എന്നിവർ വാദിച്ചു. ഇതേത്തുടർന്നാണ് ഹർജി തീർപ്പാക്കുന്നതുവരെ ജാമ്യം നൽകണമെന്ന ഹർജിയിലും സുപ്രീം കോടതി നോട്ടിസ് അയച്ചത്. ജീവപര്യന്തം ശിക്ഷ വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിഷാം നൽകിയ ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.

ജീവപര്യന്തം തടവിനു പുറമേ വിവിധ വകുപ്പുകളിലായി 24 വർഷം തടവും 80.30 ലക്ഷം രൂപ പിഴയുമായിരുന്നു തൃശൂർ സെഷൻസ് കോടതി മുഹമ്മദ് നിഷാമിനു വിധിച്ചത്. പിഴത്തുകയിൽ 50 ലക്ഷം ചന്ദ്രബോസിന്റെ കുടുംബത്തിന് നൽകാനും നിർദേശിച്ചിരുന്നു. ചന്ദ്രബോസിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ നിഷാമിന്റെ നടപടിയെ രൂക്ഷമായ ഭാഷയിൽ നേരത്തേ ഹൈക്കോടതി വിമർശിച്ചിരുന്നു. ഭ്രാന്തമായ ആക്രമണമാണ് ചന്ദ്രബോസിനുനേരെ നിഷാം നടത്തിയതെന്നാണു വിധിയിൽ ഹൈക്കോടതി പറഞ്ഞത്. അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്ന സർക്കാർ വാദത്തോടു ഹൈക്കോടതി വിയോജിക്കുകയായിരുന്നു.

Back to top button
error: