Fiction

സ്വപ്നങ്ങളിലേക്ക് ദിശാബോധത്തോടെ യാത്ര തുടരുക, ലക്ഷ്യത്തിലെത്തും വരെ വിശ്രമമരുത്

വെളിച്ചം

കുട്ടിക്ക് വലിയ ആഗ്രഹമായിരുന്നു തന്റെ രാജ്യത്തെ രാജാവിനോട് സംസാരിക്കണം എന്ന്. അവന്‍ അമ്മയുടെ സഹായം തേടിയെങ്കിലും അമ്മ നിസ്സഹായയായിരുന്നു. മറ്റുപലരോടും അവന്‍ ഈ ആഗ്രഹം പറഞ്ഞു. പലരും സഹായിക്കാന്‍ പ്രാപ്തിയുള്ളവരായിരുന്നില്ല. ശേഷിയുള്ള ചിലർ അവഗണിച്ചു. ഒടുവിൽ കുട്ടിയുടെ ഈ ചോദ്യം വഴിയരുകില്‍ ഇരുന്ന ഒരു യാചകന്‍ കേട്ടു. അയാള്‍ അവനെ അടുത്ത് വിളിച്ചിട്ടു പറഞ്ഞു:

Signature-ad

“കൊട്ടാരത്തിന്റെ പണി നടക്കുകയാണ്. നീയും അവിടെ ജോലി ചെയ്യുക. പക്ഷേ, കൂലി വാങ്ങരുത്…”
അവന്‍ അങ്ങിനെ തന്നെ ചെയ്തു. ഒരു ദിവസം പണിസ്ഥലത്ത് എത്തിയ രാജാവ് ചുറുചുറുക്കോടെ ജോലി ചെയ്യുന്ന അവനെ കാണുകയും അവനെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. വേതനം വാങ്ങാതെയാണ് അവന്‍ ജോലിചെയ്യുന്നത് എന്നറിഞ്ഞപ്പോള്‍ രാജാവ് അവനെ അരികിലേക്ക് വിളിച്ചു കാര്യമന്വേഷിച്ചു. അവന്‍ പറഞ്ഞു:
“എനിക്ക് അങ്ങയോട് ഒന്ന് സംസാരിക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. ഞാനതു നേടിയിരിക്കുന്നു…”

ലക്ഷ്യം തീരുമാനിക്കപ്പെട്ടാല്‍ ഒരു കാര്യം ഉറപ്പ് വരുത്തണം. പിന്നീട് വെയ്ക്കുന്ന ഓരോ ചുവടും ആ ലക്ഷ്യത്തിലേക്കുള്ളതാണെന്ന്. സ്വപ്നങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല, ആ സ്വപ്നങ്ങളിലേക്ക് എങ്ങിനെ സഞ്ചരിക്കണമെന്ന് അറിയാത്തതു കൊണ്ടാണ് പലരും യാത്രകള്‍ തുടങ്ങുക പോലും ചെയ്യാത്തത്. സ്വപ്നങ്ങളിലേക്കുള്ള ആ യാത്രയില്‍ ചില കാര്യങ്ങള്‍ ഉറപ്പുവരുത്തണം. യാത്ര ദിശാബോധത്തോടെയാകണം, പ്രാപ്തിയുളള മാര്‍ഗ്ഗദര്‍ശികള്‍ ഉണ്ടായിരിക്കണം, ലക്ഷ്യത്തിലെത്തും വരെ വിശ്രമമരുത്. ഇതുവരെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമേ ഇതുവരെ എത്തിച്ചേരാത്ത സ്ഥലങ്ങളിലും എത്തിച്ചേരാനാകൂ. അവിടേക്കുളള യാത്രയ്ക്കിടയില്‍ വിശ്രമകേന്ദ്രങ്ങള്‍ ഉണ്ടാകണമെന്നില്ല, സഹയാത്രികര്‍ ഉണ്ടാകണമെന്നില്ല, ഈ യാത്ര നിര്‍ത്തിയാലോ എന്ന ചിന്ത ഉണ്ടായേക്കാം, അപ്പോള്‍ എന്തിന് വേണ്ടിയാണ് ഇറങ്ങിത്തിരിച്ചത് എന്ന ആലോചനയാല്‍ സ്വയം പ്രചോദിപ്പിക്കപ്പെടാനും സാധിക്കണം. നമുക്ക് സ്വപ്നങ്ങളിലേക്ക് യാത്ര തുടങ്ങാം.

സൂര്യനാരായണൻ

ചിത്രം: നിപു കുമാർ

Back to top button
error: