NEWS

ആക്രോശവുമായി സിപിഎം; കെ.കെ. രമയെ യുഡിഎഫ് സംരക്ഷിക്കും: പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ആർഎംപി എംഎൽഎ കെ കെ രമയെ യുഡിഎഫ് സംരക്ഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചന്ദ്രശേഖരനെ 52 വെട്ട് വെട്ടി കൊന്നിട്ടും കലിയടങ്ങാതെ കെ കെ രമയ്ക്ക് നേരെ ആക്രോശവുമായി സിപിഎം വരികയാണ്. സമൂഹമാധ്യമങ്ങളില്‍ എംഎല്‍എ തന്നെ രമയ്‌ക്കെതിരെ ആക്ഷേപവുമായി വന്നു. പരുക്ക് പറ്റാത്തവര്‍ക്ക് പ്ലാസ്റ്റര്‍ ഇട്ട് കൊടുക്കുന്ന സ്ഥലമാണോ തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയെന്ന ചോദ്യത്തിന് ആരോഗ്യ മന്ത്രിയാണ് മറുപടി നല്‍കേണ്ടത്. കെ കെ രമയെ അധിക്ഷേപിക്കാന്‍ കിട്ടുന്ന ഒരു അവസരവും സിപിഎം പാഴാക്കാറില്ല. രമയ്ക്ക് മേല്‍ ഒരാളും കുതിര കയറാന്‍ വരേണ്ട. ഞങ്ങള്‍ അവരെ ചേര്‍ത്ത് പിടിച്ച് സംരക്ഷിക്കും. വിധവയായ സ്ത്രീയെ അപമാനിക്കുന്നത് കേരളം കണ്ടു കൊണ്ടിരിക്കുകയാണെന്നത് മറക്കേണ്ടെന്നും സതീശൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോള്‍ ബഹളമുണ്ടാക്കാന്‍ 10 എംഎല്‍എമാരെയാണ് സിപിഎം ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്നിട്ടാണ് ജനാധിപത്യത്തെ കുറച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചുമൊക്കെ അവര്‍ ചര്‍ച്ച നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ദേശീയ ഹരിത ട്രിബ്യൂണല്‍ വിധി സര്‍ക്കാരിനും നഗരസഭയ്ക്കുമേറ്റ തിരിച്ചടിയാണ്. നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം പറഞ്ഞ വാചകങ്ങള്‍ അടിവരയിടുന്നതാണ് ഗ്രീന്‍ ട്രിബ്യൂണല്‍ തീരുമാനം. 2020 ല്‍ ഇറക്കിയ ഉത്തരവിലൂടെ മാലിന്യ നീക്കത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തതാണ്. എന്നാല്‍ മാലിന്യം നീക്കം ചെയ്യുന്നതില്‍ സര്‍ക്കാരും അതിന് മേല്‍നോട്ടം വഹിക്കേണ്ട നഗരസഭയും മൂന്ന് കൊല്ലമായി ദയനീയമായി പരാജയപ്പെട്ടു. ഇവരുടെ പരാജയത്തിന്റെ പിഴ ജനങ്ങളില്‍ നിന്നും നല്‍കാന്‍ അനുവദിക്കില്ലെന്നും സതീശൻ പറഞ്ഞു. ജനങ്ങള്‍ നല്‍കുന്ന നികുതിപ്പണത്തില്‍ നിന്നും പിഴ നല്‍കി കരാറുകാരെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ഇപ്പോഴും ശ്രമിക്കുന്നത്. ബ്രഹ്‌മപുരത്ത് തീയിട്ടതുമായി ബന്ധപ്പെട്ട് ഇതുവരെ പ്രഥമിക റിപ്പോര്‍ട്ട് പോലും പൊലീസ് നല്‍കിയിട്ടില്ല. മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലന്‍സിനെ ഉപയോഗിച്ച് പാര്‍ട്ടി ബന്ധുക്കളായ ക്രിമിനലുകളെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്.

പ്രതിപക്ഷത്തിന്റെ അവകാശമായ റൂള്‍ 50 ഒഴിവാക്കിയുള്ള ഒരു ഒത്തുതീര്‍പ്പിനുമില്ല. പ്രതിപക്ഷത്തിന്റെ അവകാശത്തെ മുഖ്യമന്ത്രിയുടെ ഇഷ്ടത്തിന് വിട്ടുകൊടുക്കാനാകില്ല. പരാതിക്കാരായ എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുകയാണ്. വാദി പ്രതിയാകുന്ന അവസ്ഥയിലാണ്. ഇക്കാര്യങ്ങളിലൊക്കെ പരിഹാരമുണ്ടായാല്‍ മാത്രമെ പ്രശ്‌നപരിഹാരത്തെ കുറിച്ച് പ്രതിപക്ഷം ആലോചിക്കൂ. നിയമസഭ ചേരണമെന്നതു തന്നെയാണ് പ്രതിപക്ഷ നിലാപാട്. സര്‍ക്കാരാണ് ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കേണ്ടതെന്നും സതീശൻ പറഞ്ഞു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: