KeralaNEWS

ബ്രഹ്‌മപുരം തീപിടിത്തം: കൊച്ചി കോര്‍പറേഷന് 100 കോടി രൂപ പിഴയിട്ട് ദേശീയ ഹരിത ട്രിബ്യൂണല്‍

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ കൊച്ചി കോര്‍പറേഷന് 100 കോടി രൂപ പിഴയിട്ടു. തുക സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കൈമാറാനാണ് ദേശീയ ഹരിത ട്രിബ്യൂണലിന്റെ പ്രിന്‍സിപ്പല്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നത്. തീപിടിത്തത്തിന്റെ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ ക്രിമിനല്‍ നടപടി സ്വീകരിക്കാനും പിഴത്തുക തീപിടിത്തത്തിന്റെ ഇരകളുടെ ആരോഗ്യസംരക്ഷണത്തിനും മറ്റു പരിഹാര നടപടികള്‍ക്കുമായി ഉപയോഗിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശം നല്‍കുന്നു. ഒരു മാസത്തിനകം പിഴത്തുക അടയ്ക്കാനാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്.

ദേശീയ ഹരിത ട്രിബ്യൂണല്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയലിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് നടപടി. ഒരുമാസത്തിനകം പിഴത്തുക ചീഫ് സെക്രട്ടറിക്കു ഒടുക്കണമെന്ന് ഉത്തരവില്‍ പറയുന്നു. തുക തീപിടിത്തത്തിന്റെ ഇരകളുടെ ആരോഗ്യസംരക്ഷണത്തിനും മറ്റു പരിഹാര നടപടികള്‍ക്കുമായി ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. ഇതിനു പുറമേ, ഗുരുതരമായ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍, വകുപ്പുതല നടപടികളെടുക്കാനും ചീഫ് സെക്രട്ടറിയോട് ട്രിബ്യൂണല്‍ നിര്‍ദേശിച്ചു. തീപിടിത്തത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്നു സംസ്ഥാന സര്‍ക്കാരിനു കോര്‍പറേഷനും ഒഴിഞ്ഞുമാറാനാകില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ ഇന്നലെ വിമര്‍ശിച്ചിരുന്നു. വേണ്ടി വന്നാല്‍ സംസ്ഥാന സര്‍ക്കാരില്‍നിന്ന് 500 കോടി രൂപ പിഴയീടാക്കുമെന്നും ട്രിബ്യൂണല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വിഷയം സ്വമേധയാ ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയല്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. അഡീഷണല്‍ ചീഫ് സെക്രട്ടറി വി വേണുവും നടപടിക്രമങ്ങളുടെ ഭാഗമായിരുന്നു.

അതേസമയം, പിഴ ചുമത്തിയുള്ള ട്രിബ്യൂണല്‍ നടപടിക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും നിലവിലെ സാഹചര്യത്തില്‍ കോര്‍പറേഷന് 100 കോടി രൂപ അടയ്ക്കാനാകില്ലെന്നും കൊച്ചി മേയര്‍ അഡ്വ. എം അനില്‍ കുമാര്‍ പറഞ്ഞു. തീപിടിത്തവുമായി ബന്ധപ്പെട്ടു ദേശീയ ഹരിത ട്രിബ്യൂണല്‍ ബെഞ്ചിനു മുന്നില്‍ വിശദമായ വാദം നടന്നിട്ടില്ലെന്നും ജഡ്ജ് അഭിപ്രായങ്ങളും നിരീക്ഷണങ്ങളും പറയുകയും സര്‍ക്കാരിന്റെയും കോര്‍പറേഷന്റെയും സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിക്കുകയുമാണ് ചെയ്തതെന്നും അദ്ദേഹം പ്രതികരിച്ചു.

 

Back to top button
error: