മലപ്പുറം: വളാഞ്ചേരി വട്ടപ്പാറ വളവില്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. ചാലക്കുടി സ്വദേശികളാണ് മരിച്ച മൂന്ന് പേരും. കോഴിക്കോട് നിന്ന് സവാളയുമായി ചാലക്കുടിയിലേക്കു പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. ലോറി ഡ്രൈവർ അരുൺ ജോർജ് (26), സഹായി ഉണ്ണിക്കൃഷ്ണൻ (40), സവാള ഏജന്റ് ശരത് എന്നിവരാണ് മരിച്ചത്.
രാവിലെ 7.20നായിരുന്നു അപകടം. സ്ഥിരം അപകടമേഖലയായ വട്ടപ്പാറ വളവിൽവച്ച് ലോറിയുടെ നിയന്ത്രണം പോകുകയായിരുന്നു. 30 അടി താഴ്ചയിലേക്കു ലോറി മറിഞ്ഞയുടൻ തന്നെ നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. ലോറിയുടെ ക്യാബിനുള്ളില്‍ മൂന്നുപേരും കുടുങ്ങിക്കിടക്കുകയായിരുന്നു. കമഴ്ന്നു കിടന്ന ലോറിയുടെ ഏറ്റവും താഴെഭാഗത്തായാണ് ക്യാബിൻ ഉണ്ടായിരുന്നത്.
ഏറെ നേരത്തെ ശ്രമത്തിനു ശേഷം ക്യാബിൻ വെട്ടിപ്പൊളിച്ചാണു ഇവരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
സ്ഥിരം അപകട കേന്ദ്രമായ വട്ടപ്പാറ വളവില്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു ലോറി. ഈ വളവ് ഒഴിവാക്കിയുള്ള സമാന്തര പാതയുടെ നിർമാണം ഇഴഞ്ഞുനീങ്ങുകയാണ്. നാട്ടുകാർ പലവട്ടം പരാതിപ്പെട്ടിട്ടും ഫലം ഉണ്ടായിട്ടില്ല.