IndiaNEWS

ബഫർസോൺ ആശങ്ക മാറി, നിർമാണത്തിന് തടസ്സം വരില്ലെന്ന് സുപ്രീം കോടതി; തക്ക സമയത്ത് ഇടപെടാൻ കഴിഞ്ഞില്ലെന്ന് കേരളത്തിൻ്റെ കുറ്റസമ്മതം

  ബഫർ സോണിൽ നിർമാണമുൾപ്പെടെ നിയമപരമായി അനുവദിക്കപ്പെട്ട നടപടികൾക്കു തടസ്സമുണ്ടാക്കില്ലെന്നു സുപ്രീം കോടതി വാക്കാൽ വ്യക്തത വരുത്തി. ചുറ്റും ഒരു കിലോമീറ്റർ ബഫർസോൺ നിർബന്ധമാക്കിയ 2022 ജൂൺ മൂന്നിലെ വിധി ആ പ്രദേശങ്ങളിലുള്ളവർക്കു വായ്പ കിട്ടാത്ത സ്ഥിതിയുണ്ടാക്കിയെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം.

കേരള സർക്കാരിന്റേതുൾപ്പെടെ വാദങ്ങൾ കേട്ട ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് കേസ് വിധി പറയാൻ മാറ്റി. ഖനനം ഉൾപ്പെടെയുള്ളവയാണു വിധിയിലൂടെ ലക്ഷ്യമിട്ടതെന്നു കോടതി ആവർത്തിച്ചു. അന്തിമ, കരടു വിജ്ഞാപനങ്ങളായ വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ബഫർസോണിൽ ഇളവു നൽകണമെന്ന കേരളത്തിന്റേതുൾപ്പെടെ ആവശ്യങ്ങൾ തത്വത്തിൽ അംഗീകരിക്കാമെന്ന സൂചനയാണ് ഇന്നലെ കോടതി നൽകിയത്.

ബഫർസോൺ വിധിയിൽ തക്ക സമയത്ത് ഇടപെടാൻ കഴിയാതെ പോയെന്നു കേരളം സുപ്രീം കോടതിയിൽ വ്യക്തമാക്കി. രാജസ്ഥാനിലെ ജാമുവാരാംഗാർ വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട കേസിലായിരുന്നു ജൂൺ മൂന്നിലെ വിധി. കേസിൽ എല്ലാ സംസ്ഥാനങ്ങൾക്കും നോട്ടിസയച്ചതാണ്. രാജസ്ഥാന്റെ മാത്രം വിഷയമെന്നു കരുതിയാണ് അന്നു പ്രതികരിക്കാതിരുന്നതെന്നു കേരളം വ്യക്തമാക്കി. കേരളത്തിനായി ഹാജരായത് സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും സ്റ്റാൻഡിങ് കൗൺസൽ നിഷെ രാജൻ ശങ്കറുമാണ്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: