IndiaNEWS

അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്‍റെയും ആശ്രിതത്വം പൂർണ്ണമായും അവസാനിപ്പിക്കും; ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി

രുന്ന അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്‍റെയും ആശ്രിതത്വം പൂർണ്ണമായും അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി. ജനങ്ങൾ കൂടുതൽ കൂടുതൽ ഇലക്ട്രിക് വാഹനങ്ങളോ ഫ്ലെക്സ് ഇന്ധനത്തിൽ ഓടുന്ന വാഹനങ്ങളോ വാങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

എൽഎൻജി, സിഎൻജി, ബയോഡീസൽ, ഹൈഡ്രജൻ, ഇലക്ട്രിക്, എത്തനോൾ എന്നിവയിൽ ഓടുന്ന വാഹനങ്ങൾ ഉപയോഗിക്കാൻ ആളുകളെ പ്രേരിപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും ഒരു പരിപാടിയിൽ സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും ആവശ്യം ഇല്ലാതാക്കാനാണ് താൻ ശ്രമിക്കുന്നതെന്നും നിങ്ങളുടെ പിന്തുണയില്ലാതെ ഇത് പൂർത്തിയാക്കാൻ കഴിയില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ദില്ലി ഡീകോൺജഷൻ പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കുന്ന അർബൻ എക്സ്റ്റൻഷൻ റോഡ് പ്രോജക്ടിന്റെ (UER-II) പുരോഗതി പരിശോധിക്കുകയായിരുന്നു അദ്ദേഹം.

ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗിനെയും വെല്ലുവിളികളെയും കുറിച്ച് കുറച്ച് കാലം മുമ്പ് വരെ ആളുകൾ സംസാരിക്കാറുണ്ടായിരുന്നുവെന്ന് ഗഡ്‍കരി പറഞ്ഞു. എന്നാൽ ഇപ്പോൾ കാലം മാറി. ഇലക്‌ട്രിക് വാഹനങ്ങളുടെ വിപണി വളര്‍ന്നതിനാൽ ഇപ്പോൾ വാഹനങ്ങൾ ലഭിക്കാൻ ആളുകൾ വെയിറ്റിംഗ് ലിസ്റ്റിൽ കഴിയേണ്ട അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“നിങ്ങൾ ഇപ്പോൾ വാഹനങ്ങൾ വാങ്ങുകയാണെങ്കിൽ പെട്രോളോ ഡീസലോ വാങ്ങരുതെന്ന് എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കാൻ ആഗ്രഹിക്കുന്നു. ഇലക്ട്രിക് അല്ലെങ്കിൽ ഫ്ലെക്സ് എഞ്ചിൻ കാറുകൾ വാങ്ങുക. കർഷകർ സൃഷ്ടിക്കുന്ന എത്തനോൾ ഫ്ലെക്സ് എഞ്ചിൻ കാറുകളിൽ നിങ്ങൾക്ക് ഉപയോഗിക്കാം. നമ്മുടെ കർഷകർ ഇപ്പോൾ അന്നദാതാക്കള്‍ മാത്രമല്ല ഊർജ്ജദാതാക്കള്‍ കൂടി ആണ്” അദ്ദേഹം കൂട്ടിച്ചേർത്തു.

ദില്ലിയെ വൃത്തിയുള്ളതും മാലിന്യമുക്തവുമാക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഗഡ്‍കരി പറഞ്ഞു. താൻ ജലവിഭവ മന്ത്രിയായിരുന്നപ്പോൾ ജലമലിനീകരണത്തിനെതിരെ പോരാടാൻ ദില്ലി സർക്കാരിന് 6,000 കോടി രൂപ നൽകിയിരുന്നതായി അദ്ദേഹം ഓർമിപ്പിച്ചു. “ഇപ്പോൾ, ഞാൻ വായു, ശബ്ദ മലിനീകരണത്തിന് വേണ്ടി പോരാടുകയാണ്. ദേശീയ തലസ്ഥാനത്തെ ജലം, വായു, ശബ്ദ മലിനീകരണം എന്നിവയ്‌ക്കെതിരെ പോരാടുകയാണ് എന്റെ ലക്ഷ്യം”അദ്ദേഹം ഊന്നിപ്പറഞ്ഞു. പാർക്കിങ്ങിന് റോഡുകൾ ഉപയോഗിക്കരുതെന്നും അല്ലാത്തപക്ഷം പിഴ ഈടാക്കുമെന്നും ഗഡ്‍കരി വ്യക്തമാക്കി.

Back to top button
error: