CrimeNEWS

ടെറസില്‍ ചെടി വളർത്തൽ, വെള്ളവും വളവും നൽകി പരിപാലനം… മാനന്തവാടിയിലെ ‘നല്ലവനായ ഉണ്ണി’ എക്‌സൈസി​ന്റെ പിടിയിൽ

മാനന്തവാടി: വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടി നട്ടുപരിപാലിച്ച് പോന്നിരുന്ന യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. അഞ്ചുകുന്ന് കണക്കശ്ശേരി വീട്ടില്‍ റഹൂഫ് എന്നയാളാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു നടപടി. മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തില്‍ വയനാട് എക്‌സൈസ് ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ വ്യാഴാഴ്ച്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

റഹൂഫിന്റെ വീട് പരിശോധിച്ചതില്‍ വീടിന്റെ ടെറസില്‍ നട്ടുപിടിപ്പിച്ച് പരിപാലിച്ച് പോന്നിരുന്ന ഒരു മീറ്ററോളം നീളമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെടുത്തത്. എന്‍.ഡി.പി.എസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്ത റഹൂഫിനെ റിമാന്‍ഡ് ചെയ്തു. പരിശോധനയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എ.സി. പ്രജീഷ്, വി.കെ. സുരേഷ്, കെ.എസ്. സനൂപ്, വനിത സിവില്‍ എക്‌സൈസ് ഓഫീസറായ സല്‍മാ കെ. ജോസ് എന്നിവരും പങ്കെടുത്തു. 2019-ല്‍ വാളാട് ടൗണില്‍ കഞ്ചാവ് ചെടി കണ്ടെത്തിയിരുന്നു. വലിയ പാലത്തിന് സമീപം ഓട്ടോ സ്റ്റാന്‍ഡിന് എതിര്‍വശത്തായിട്ടായിരുന്നു അരമീറ്റര്‍ പൊക്കത്തിലുളള ചെടി. ഇവിടുത്തെ ഓട്ടോ ഡ്രൈവര്‍മാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് പോലീസ് എത്തി നശിപ്പിച്ച് കളയുകയായിരുന്നു.

Back to top button
error: