KeralaNEWS

വണ്ടിയേതായാലും ശ്രീഷ്‌മ റെഡി, ബുള്ളറ്റും ബസും ജെസിബിയുമെല്ലാം ശ്രീഷ്‌മക്ക് ‘കളിവണ്ടി’കൾ

  ‘ടിപ്പർ ലോറിയെടുക്കുന്ന പെണ്ണോ’ എന്ന്‌ നെറ്റിചുളിക്കുന്നവരോട്‌ ഇതൊക്കെയെന്ത്‌ എന്ന ഭാവമാണ്‌ കണ്ണുർ മയ്യിൽ സ്വദേശി ശ്രീഷ്‌മയ്‌ക്ക്‌. എൻജിനിയറിങ്‌ ബിരുദധാരിയെങ്കിലും ഏതെങ്കിലുമൊരു റൂട്ടിലെ സ്ഥിരം ബസ്‌ ഡ്രൈവറാകണം എന്നതാണ്‌ തന്റെ ആഗ്രഹമെന്ന്‌ പറയുന്നത്‌ കേട്ടാലറിയാം ‘വണ്ടി പ്രാന്തിൻ്റെ’ കടുപ്പം.

ചെറുപ്രായം മുതൽ വീട്ടുമുറ്റത്ത്‌ വലുതും ചെറുതുമായ വാഹനങ്ങൾ കണ്ടുവളർന്ന മയ്യിൽ നിരന്തോട്ടെ ശ്രീഷ്‌മയുടെ ആഗ്രഹങ്ങൾക്ക്‌ വാഹനങ്ങളേക്കാൾ വലുപ്പമായിരുന്നു. അഞ്ചാം ക്ലാസ് മുതൽ ഡ്രൈവിങ് പരിശീലനം നേടിയ ശ്രീഷ്‌മ‌ വളരെ പെട്ടെന്നു തന്നെ വളയം വരുതിയിലാക്കി.

എൻജിനീയറിങ് ബിരുദം പൂർത്തിയാക്കിയ ഉടൻ തെരഞ്ഞെടുത്തത് ടിപ്പർ ലോറിയിലെ ഡ്രൈവർ ജോലിയാണ്. 18 വയസിൽ ഡ്രൈവിങ്‌ ലൈസൻസും 21 ൽ ഹെവി ലൈസൻസും നേടിയ ശ്രീഷ്മയ്‌ക്ക് ബൈക്കും ബസും ജെസിബിയുമെല്ലാം ഇപ്പോൾ ‘കളിവണ്ടി’കൾ മാത്രം.

ജില്ലിയും സിമന്റും ചെങ്കല്ലുമൊക്കെയായി എതു റോഡിലും സാഹസികമായി ലോറിയുമായെത്തുന്ന ശ്രീഷ്മ നാട്ടിലെ താരമാണ്. കോവിഡ് ലോക്ക്ഡൗണിലാണ് ശ്രീഷ്മയിലെ ഡ്രൈവറെ നാട്ടിൻപുറത്തെ ജനത അറിഞ്ഞുതുടങ്ങിയത്.

മാതമംഗലത്തെ കോളേജ് ഓഫ് എൻജിനീയറിങ് കോളേജിൽനിന്ന് പഠനം പൂർത്തിയാക്കിയ ശ്രീഷ്മ മയ്യിലെ സ്വകാര്യ സ്ഥാപനത്തിൽ സിവിൽ എൻജിനീയറാണ്. ഈ ജോലിക്കിടയിലും ഒഴിവു ദിവസങ്ങളിൽ അച്ഛനെ സഹായിക്കാൻ വണ്ടിയുമെടുത്തിറങ്ങും.

നിരന്തോട്ടെ എസ്.എൻ നിവാസിൽ ബിസിനസുകാരനായ ചിറ്റൂടൻ പുരുഷോത്തമന്റെയും കണ്ണാടിപ്പറമ്പ് ദേശസേവ യു.പി സ്കൂൾ അധ്യാപിക  ശ്രീജയുടെയും മകളാണ്‌ ശ്രീഷ്‌മ.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: