മധ്യപ്രദേശിലെ വിദിഷയിൽ 60 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ എട്ട് വയസുകാരൻ മരിച്ചു. എൻ.ഡി.ആർ.എഫ് സംഘം നടത്തിയ തീവ്രശ്രമത്തിനൊടുവിൽ കുട്ടിയെ പുറത്തെടുത്ത് ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച കളിക്കുന്നതിനിടെയാണ് ലോകേഷ് അഹിർവാർ (8) കുഴൽക്കിണറിൽ വീണത്. 24 മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ എൻ.ഡി.ആർ.എഫ് സംഘം കുട്ടിയെ പുറത്തെടുത്തു. 50 അടിയോളം കുഴിയെടുത്താണ് രക്ഷാസംഘം കുഴൽക്കിണറിനുള്ളിൽ എത്തിയത്. ഈ തുരങ്കത്തിലൂടെ കുട്ടിയെ പുറത്തെടുത്തു. കുട്ടിയെ പുറത്തെടുത്ത സംഘം ഉടൻ ലെത്തേരി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പരമാവധി ശ്രമിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാൻ സാധിക്കാത്തതിൽ ഖേദമുണ്ടെന്ന് കലക്ടർ ഉമാ ശങ്കർ ഭാർഗവ പറഞ്ഞു. സംഭവത്തിൽ മുഖ്യമന്ത്രി ശിവരാജ് ദുഃഖം രേഖപ്പെടുത്തുകയും കുട്ടിയുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു