CrimeNEWS

കോട്ടയത്ത് വീണ്ടും 2000 രൂപയുടെ വ്യാജ നോട്ട് ഉപയോഗിച്ച് തട്ടിപ്പ്; 74കാരനെ കബളിപ്പിച്ചത് 2000 രൂപയുടെ രണ്ട് വ്യാജ നോട്ടുകൾ നൽകി

കോട്ടയം: കോട്ടയത്ത് വീണ്ടും 2000 രൂപയുടെ വ്യാജ നോട്ട് ഉപയോഗിച്ച് തട്ടിപ്പ്. കറുകച്ചാൽ സ്വദേശിയായ 74 കാരനാണ് കബളിപ്പിക്കപ്പെട്ടത്. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ കാറിലെത്തിയ ആൾ വൃദ്ധനെ കബളിപ്പിക്കുകയായിരുന്നു. പെട്ടിക്കട നടത്തുന്ന കുഞ്ഞുക്കുട്ടനെ കബളിപ്പിച്ചത് 2000 രൂപയുടെ രണ്ട് വ്യാജ നോട്ടുകൾ നൽകിയാണ്. 850 രൂപയുടെ സാധനങ്ങൾ വാങ്ങിയ ശേഷം 2000 രൂപയുടെ നോട്ട് നൽകി. ബാഗിൽ കൂടുതൽ ചില്ലറയുണ്ടെന്ന് മനസ്സിലാക്കി 2000 രൂപയുടെ മറ്റൊരു നോട്ടിന് കൂടി ചില്ലറ ആവശ്യപ്പെട്ടു.

കുഞ്ഞുക്കുട്ടൻ ഇതും നൽകി. ഇതോടെ 3500 രൂപയോളമാണ് ഇയാൾക്ക് നഷ്ടമായത്. പിന്നീട് മറ്റൊരു കടയിൽ പോയി 2000 രൂപ നൽകുമ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ടുവെന്ന് ഇദ്ദേഹം മനസ്സിലാക്കുന്നത്. സംഭവത്തിന് പിന്നാലെ കുഞ്ഞുക്കുട്ടൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ദിവസങ്ങൾക്കു മുമ്പ് മുണ്ടക്കയത്ത് 92 വയസുകാരിയായ ലോട്ടറി കച്ചവടക്കാരിയും സമാന തട്ടിപ്പിന് ഇരയായിരുന്നു. ഇരു തട്ടിപ്പുകളും നടത്തിയത് ഒരാളോ എന്ന സംശയം പൊലീസിനുണ്ട്. കാറിൽ വന്ന് തട്ടിപ്പ് നടത്തിയെന്നതടക്കമുള്ള സാദൃശ്യമാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്. പൊലീസ് പ്രതിക്കായി വ്യാപക അന്വേഷണം തുടങ്ങിക്കഴിഞ്ഞു.

Signature-ad

നാലായിരം രൂപയുടെ ലോട്ടറിയാണ് അന്ന് വൃദ്ധയിൽ നിന്ന് തട്ടിയെടുത്തത്. മുണ്ടക്കയത്തിനടുത്ത് കുറുവാമൂഴിയില്‍ സ്വദേശിയാണ് തട്ടിപ്പിന് ഇരയായ വയോധിക. ഈ മാസം ആറാം തീയതിയാണ് കാറിലെത്തിയ ഒരു യുവാവ് രണ്ടായിരം രൂപയുടെ രണ്ട് നോട്ടുകള്‍ നല്‍കിയ ശേഷം ദേവയാനിയമ്മയുടെ കയ്യിലുണ്ടായിരുന്ന നൂറ് ലോട്ടറി ടിക്കറ്റുകളും ഒന്നിച്ച് വാങ്ങിയത്. ഇതോടെ ഇവരുടെ ജീവിത മാര്‍ഗം തന്നെ നിലച്ചു പോയ അവസ്ഥയായിരുന്നു. സംഭവം വാർത്തയായതോടെ നിരവധി പേർ ഈ വൃദ്ധയെ സഹായിക്കാനെത്തി.

Back to top button
error: