LIFELife Style

സഹോദരന്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി വൃക്ക നശിപ്പിച്ചു, കൂടോത്രം ചെയ്തു: ചതിയുടെ കഥ പറഞ്ഞ് പൊന്നമ്പലം

ചെന്നൈ: സഹോദരന്‍ വിഷം കലര്‍ത്തി നല്‍കി അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് തമിഴ് നടന്‍ പൊന്നമ്പലം. ഭക്ഷണത്തിലും മദ്യത്തിലും വിഷം നല്‍കി തന്റെ കിഡ്‌നി തകരാറിലാക്കിയത് സഹോദരനാണെന്നാണ് നടന്‍ ആരോപിക്കുന്നത്. അടുത്തിടെ പൊന്നമ്പലം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. മദ്യപിച്ച് വൃക്ക തകരാറിലായതാണെന്ന് ആളുകള്‍ കരുതിയെന്നും സ്വന്തം കുടുംബാംഗത്തില്‍ നിന്നുമുള്ള ദ്രോഹമാണ് ഇതിന് കാരണമായതെന്നും യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ നടന്‍ പറയുന്നു.

രണ്ട് വര്‍ഷം മുമ്പാണ് വൃക്കകളുടെ പ്രവര്‍ത്തനം നിലച്ച് അത്യാഹിത നിലയിലായ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബന്ധുവും സംവിധായകനുമായ ജഗന്നാഥന്‍ വൃക്ക ദാനം ചെയ്തതോടെയാണ് പൊന്നമ്പലം ജീവിതത്തിലേക്ക് തിരിച്ചുവന്നത്. നേരത്തെ ശസ്ത്രക്രിയക്കുള്ള പണം സമാഹരിക്കുന്നതിനായി സഹപ്രവര്‍ത്തകരടക്കമുള്ളവരോട് പൊന്നമ്പലം അഭ്യര്‍ഥിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചുവരികയാണ് അദ്ദേഹം. ശസ്ത്രക്രിയയ്ക്ക് സഹായിച്ചവര്‍ക്കും പിന്തുണച്ചവര്‍ക്കും പൊന്നമ്പലം നന്ദി അറിയിച്ചിരുന്നു. തുടര്‍ന്ന് സഹായവുമായി നടന്മാരായ കമല്‍ഹാസന്‍, ചിരഞ്ജീവി, ശരത്കുമാര്‍, ധനുഷ്, അര്‍ജുന്‍, വിജയ് സേതുപതി, പ്രകാശ് രാജ്, പ്രഭുദേവ, സംവിധായകന്‍ കെ.എസ്. രവികുമാര്‍ എന്നിവര്‍ എത്തിയിരുന്നു. ആരോഗ്യം വീണ്ടെടുത്തതോടെയാണ് ജീവിതത്തിലെ ചില കയ്‌പേറിയ അനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് താരം രംഗത്തെത്തിയത്.

”കുടിച്ചത് കൊണ്ടോ മറ്റ് ലഹരി മരുന്നുകള്‍ ഉപയോ?ഗിച്ചത് കൊണ്ടോ അല്ല എന്റെ കിഡ്‌നി തകരാറിലായത്. പലരും അങ്ങനെയാണ് കരുതിയിരിക്കുന്നത്. എന്റെ അച്ഛന് നാല് ഭാര്യമാരാണുള്ളത്. ഞങ്ങള്‍ പതിനൊന്ന് മക്കളാണ്. അതില്‍ മൂന്നാമത്തെ ഭാര്യയുടെ മകന്‍ എന്റെ മാനേജറായി കുറേക്കാലം ജോലി ചെയ്തിരുന്നു. ഒരിക്കല്‍ അദ്ദേഹം സ്ലോ പോയിസണ്‍ ബിയറില്‍ എനിക്ക് കലക്കി തന്നു. അത് എന്റെ കിഡ്‌നിയെയാണ് സാരമായി ബാധിച്ചത്. അദ്ദേഹമാണ് എനിക്ക് ഇത് ചെയ്‌തെന്ന് എനിക്ക് അറിയില്ലായിരുന്നു. പിന്നെ രസത്തിലും ഇതേ വിഷം കലക്കി തന്നു. വിദഗ്ധ ചികിത്സയ്ക്കുശേഷം ഡോക്ടര്‍മാരാണ് എന്റെ ഉള്ളില്‍ വിഷാംശം കണ്ടെത്തുന്നത്. പക്ഷേ ഇതെങ്ങനെ സംഭവിച്ചുവെന്ന് അറിയില്ലായിരുന്നു.

ഒരു ദിവസം രാത്രി പതിവില്ലാതെ എനിക്ക് ഉറക്കം വന്നില്ല, ഞാന്‍ സിഗരറ്റ് വലിച്ച് പുറത്തിറങ്ങിയപ്പോള്‍ എന്റെ അസിസ്റ്റന്റിനെയും സഹോദരനെയും കുറച്ച് അകലെ കാണുവാനിടയായി. എന്റെ ലുങ്കിയും എന്തോ ബൊമ്മയും കുറച്ച് ചരടുമൊക്കെ ജപിച്ച് ഒരു കുഴി കുഴിച്ച് മൂടുകയാണ് അവര്‍. ഞാനത് കുറച്ച് നേരം ശ്രദ്ധിച്ചുനിന്നു. പിറ്റേദിവസം അസിസ്റ്റന്റിനെ ഒരു റൂമില്‍ പൂട്ടിയിട്ട് ഞാന്‍ വിരട്ടി. അപ്പോഴാണ് ഞെട്ടിക്കുന്ന സത്യങ്ങള്‍ പുറത്തറിയുന്നത്. എന്റെ മെച്ചപ്പെട്ട ജീവിതം കണ്ട അസൂയയിലാണ് സഹോദരന്‍ ഇതുപോലുള്ള ദ്രോഹം ചെയ്യാന്‍ ഇറങ്ങിത്തിരിച്ചത്. ഞാന്‍ ചെറുപ്പം മുതല്‍ പണം സമ്പാദിക്കുന്നതും അ?ദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. എനിക്ക് അണ്ണനോട് ഒരു ദേഷ്യവുമില്ല. കുറേകാലം കഴിയുമ്പോള്‍ ചെയ്തത് തെറ്റാണെന്ന് അദ്ദേഹത്തിന് മനസ്സിലാകുമായിരിക്കും. ആയിരത്തഞ്ഞൂറോളം സിനിമകളില്‍ ഇടിയും കുത്തും കിട്ടി കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പാദ്യമാണ്. അതെല്ലാം കുടുംബത്തിന് വേണ്ടിയാണ് ചിലവാക്കിയിരിക്കുന്നത്.

ചിരഞ്ജീവി സാര്‍ ചെയ്ത് തന്നെ സഹായം മറക്കാനാവില്ല. അദ്ദേഹം എനിക്ക് വേണ്ടി 45 ലക്ഷം രൂപയോളം ചെലവ് ചെയ്തു. രാംചരണിന്റെ ഭാര്യ നേരിട്ട് വന്ന് സംസാരിച്ചിരുന്നു. അതുപോലെയാണ് ധനുഷും അദ്ദേഹത്തോട് രോഗത്തെ കുറിച്ച് ഫോണില്‍ പറഞ്ഞുകൊണ്ടിരിക്കെ കാഷ് എനിക്ക് ക്രെഡിറ്റ് ചെയ്ത് തന്നു. അതൊന്നും മറക്കാനാവില്ല. ശരത് കുമാര്‍ സാറും ഒരുപാട് സഹായിച്ചു. അജിത്ത്, വിജയ്, വിക്രം ഇവരൊന്നും എന്നെ വിളിച്ചുപോലം അന്വേഷിച്ചില്ല. അവരുടെയൊക്കെ കരിയറിന്റെ ആദ്യഘട്ടങ്ങളില്‍ ഒപ്പമുണ്ടായിരുന്ന ആളാണ് ഞാന്‍. പരാതിയായൊന്നും പറയുന്നതല്ല. എനിക്കെന്തെങ്കിലും പറ്റിയാല്‍ ഇവരൊക്കെ എനിക്കുവേണ്ടി ഉണ്ടല്ലോ എന്നുഞാന്‍ വിചാരിച്ചിരുന്നു. അജിത്തിനെ സ്വന്തം സഹോദരനെപ്പോലെയാണ് കരുതിയിരുന്നത്. അതുകൊണ്ട് തന്നെ പണം തരണം എന്നല്ല അദ്ദേഹം വിളിച്ച് സുഖവിവരം അന്വേഷിക്കുമെന്ന് കരുതിയിരുന്നു.” -പൊന്നമ്പലം പറഞ്ഞു.

സ്റ്റണ്ട്മാനായാണ് സിനിമയില്‍ പൊന്നമ്പലത്തിന്റെ അരങ്ങേറ്റം. 1988 ല്‍ കലിയുഗം എന്ന ചിത്രത്തിലൂടെ നടനായി തുടക്കം കുറിച്ചു. നിരവധി ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ‘നാട്ടാമൈ’ എന്ന തമിഴ് ചിത്രത്തിലെ വില്ലന്‍ വേഷമാണ് കരിയറിലെ വഴിത്തിരിവ്. പിന്നീട് രജനീകാന്ത്, അജിത്ത്, വിജയ് തുടങ്ങിയവരുടെ സിനിമകളില്‍ വില്ലന്‍ വേഷത്തിലെത്തി. മലയാളത്തില്‍ മൂന്നാം മുറ, താണ്ഡവം എന്നീ സിനിമകളിലും തിളങ്ങി. ആട് 2 എന്ന ചിത്രത്തിലെ ഹോട്ടലുടമയുടെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജയം രവിയുടെ കോമാളി സിനിമയിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ബിഗ് ബോസ് സീസണ്‍ രണ്ടില്‍ മത്സരാര്‍ഥിയായിരുന്നു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: