മലയാറ്റൂർ രാമകൃഷ്ണൻ പി.എൻ മേനോൻ ടീം ഒരുക്കിയ, സോമൻ നായകനായ ‘ഗായത്രി’ പ്രദർശനത്തിനെത്തിയിട്ട് 50 വർഷം
സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ
സോമൻ നായകനായ ആദ്യചിത്രം ‘ഗായത്രി’ക്ക് 50 വയസ്സ്. 1973 മാർച്ച് 14 നാണ് മലയാറ്റൂർ രാമകൃഷ്ണൻ എഴുതി പിഎൻ മേനോൻ സംവിധാനം ചെയ്‌ത ഈ ചിത്രത്തിന്റെ റിലീസ്. നിർമ്മാണം ശ്രീധരൻ ഇളയിടം. രാഘവൻ, ജയഭാരതി, ശുഭ എന്നിവരായിരുന്നു മറ്റ് ചില താരങ്ങൾ.
പി.എൻ മേനോന്റേതായി 4 ചിത്രങ്ങളാണ് ഇതേ വർഷം പുറത്തിറങ്ങിയത്. ചായം, മഴക്കാറ്, ദർശനം എന്നിവയാണ് മറ്റ് ചിത്രങ്ങൾ. ഇതിൽ ‘ചായ’ത്തിന്റെ രചനയും മലയാറ്റൂരിന്റേതായിരുന്നു.
ബ്രാഹ്മണ സമുദായത്തിൽ അലയടിച്ച മാറ്റത്തിന്റെ കൊടുങ്കാറ്റാണ് ‘ഗായത്രി’യുടെ വിഷയം.
സഹസ്രനാമ ശാസ്ത്രികൾ എന്ന ബ്രാഹ്‌മണ പണ്ഡിതൻ (കൊട്ടാരക്കര). അദ്ദേഹത്തിന്റെ മരണകാലമടുത്തു. പൗത്രി ചാണകം പെറുക്കി വിറ്റും അരിയാട്ടിയും ‘പണം’ സമ്പാദിക്കുന്നു. അത് മുത്തച്ഛന്റെ മരണക്രിയകൾക്ക് വേണ്ടിയാണ്. അതേക്കുറിച്ച് മുത്തച്ഛന് അഭിമാനവുമാണ്. അതേസമയം അവൾ കുടുംബത്തിന് മാനിക്കാത്തത് കൂടി ചെയ്‌തു. വെളുത്തേടനായ ഒരുത്തനെ പ്രേമിച്ചു! അവൾ ഒരേസമയം പാരമ്പര്യത്തോട് ആദരവും ആധുനികതയോട് തുറന്ന സമീപനവും കാട്ടി.
മറ്റൊരു വശത്ത് കുടുംബത്തിലെ ഇളമുറക്കാരൻ രാജാമണി (സോമൻ) തികച്ചും പുരോഗമന വാദിയാണ്. അന്നത്തെ ‘റിബൽ’. പുരോഗമനവും തുറന്ന സമീപനവുമൊക്കെ അരാജകത്വമാണ് കുടുംബത്തിൽ. ശാസ്ത്രികൾ എങ്ങനെ സമാധാനപരമായി കണ്ണടയ്ക്കും…?
കന്യാകുമാരിയിലെ ശുചീന്ദ്രം ക്ഷേത്ര പരിസരങ്ങളിലായിരുന്നു ഷൂട്ടിങ്ങ്. വയലാർ-ദേവരാജന്മാരുടെ അനശ്വരഗാനങ്ങൾ ചിത്രത്തിന് മുതൽക്കൂട്ടായി. ‘പത്മതീർത്ഥമേ ഉണരൂ’, ‘തങ്കത്തളികയിൽ പൊങ്കലുമായ് വന്ന’ എന്നീ എവർഗ്രീൻ ഹിറ്റുകൾക്ക് പുറമെ 3 പാട്ടുകൾ കൂടിയുണ്ടായിരുന്നു.