IndiaNEWS

തന്റെ വീട്ടിൽ നിന്ന് സഹോദരിമാരുടെ സ്വർണ്ണമുൾപ്പെടെ ഇഡി പിടിച്ചെടുത്തുവെന്ന് ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്

ദില്ലി: തന്റെ വീട്ടിൽ നിന്ന് സഹോദരിമാരുടെ സ്വർണ്ണമുൾപ്പെടെ ഇഡി പിടിച്ചെടുത്തുവെന്ന് ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. തേജസ്വിയുടേയും കുടുംബാം​ഗങ്ങളുടേയും വീട്ടിൽ നിന്ന് 600 കോടിയുടെ അഴിമതിയുടെ തെളിവ് കിട്ടിയെന്ന് ഇഡി നേരത്തെ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് തേജസ്വി യാദവ് രം​ഗത്തെത്തിയിരിക്കുന്നത്. തന്റെ വിവാഹിതരായ സഹോദരിമാരുടെ സ്വർണ്ണമുൾപ്പെടെയാണ് ഇഡി പിടിച്ചെടുത്തതെന്ന് തേജസ്വി പറഞ്ഞു.

അരമണിക്കൂറാണ് ഇഡി ഉദ്യോ​ഗസ്ഥർ തന്റെ ഡൽഹിയിലുള്ള വീട്ടിൽ പരിശോധന നടത്തിയത്. എന്നാൽ അവർ മുകളിൽ നിന്നുള്ള ഓർഡറിനായി മണിക്കൂറുകളോളം അവിടെ തുടരുകയായിരുന്നു. ഇതിന് പിന്നിൽ അമിത്ഷാ ആയാലും ശരി, ഇത്തരത്തിലുള്ള നാടകങ്ങളുടെ സംവിധാനം നിർബന്ധമായും മാറ്റേണ്ടതാണെന്നും തേജസ്വി യാദവ് പറഞ്ഞു.

ഞങ്ങൾ ബിജെപി-ആർഎസ്എസ് പോലെ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥികളല്ല. പ്രായോ​ഗിക രാഷ്ട്രീയം പിൻപറ്റുന്നവരാണ്. അവ ഏറ്റെടുക്കാനുള്ള ബോധ്യവും പൊതുജന പിന്തുണയും ഞങ്ങൾക്കുണ്ട്. പക്ഷേ ചിലർ ഭയന്ന് രാഷ്ട്രീയ പോരാട്ടത്തിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുകയാണെന്നും തേജസ്വി കൂട്ടിച്ചേർത്തു. ഭൂമി കുംഭകോണ ആരോപണത്തിലാണ് തേജസ്വിയുടേയും ലാലുവിന്റേയും വീട്ടിൽ പരിശോധനകൾ നടന്നത്. റിയൽ എസ്റ്റേറ്റ് ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ ലാലു പ്രസാദിനും കുടുംബത്തിനും കൂട്ടാളികൾക്കും വേണ്ടി നടത്തിയ കൂടുതൽ നിക്ഷേപങ്ങൾ കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്ന് ഇഡി വ്യക്തമാക്കിയിരുന്നു. 2004 – 09 കാലത്ത് റെയിൽവേ മന്ത്രിയായിരുന്നപ്പോൾ ജോലിക്ക് വേണ്ടി ഭൂമി വാങ്ങിയെടുത്ത് ലാലുവും കുടുംബവും അഴിമതി നടത്തിയെന്നാണ് സിബിഐ ആരോപണം.

ജോലിക്ക് ഭൂമി അഴിമതി കേസിൽ ലാലു പ്രസാദ് യാദവിനെയും മകൾ മിസ ഭാരതിയേയും സിബിഐ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. മിസ ഭാരതിയുടെ ദില്ലിയിലെ വസതിയിൽ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടു. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെ തുടർന്ന് ലാലുപ്രസാദ് യാദവ് വിശ്രമിക്കുകയാണ് എന്നറിയിച്ചിട്ടും, അപേക്ഷ സിബിഐ പരിഗണിച്ചിരുന്നില്ല. പ്രതികാര നടപടിയുടെ ഭാഗമായ കേസിൻറെ പേരിൽ തൻറെ കുടുംബത്തെ ബിജെപി ഉപദ്രവിക്കുകയാണെന്നാണ് തേജ്വസിയുടെ വീട്ടിലെ റെയ്ഡിന് പിന്നാലെ ലാലുപ്രസാദ് ആരോപിച്ചത്.

Back to top button
error: