മുംബൈ: വനിതാ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തുടര്‍ച്ചയായ അഞ്ചാം തോല്‍വി. ഡല്‍ഹി ക്യാപിറ്റല്‍സാണ് ആര്‍സിബിയെ ആറ് വിക്കറ്റിന് തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സടിച്ചപ്പോള്‍ രണ്ട് പന്ത് ബാക്കി നിര്‍ത്തി ഡല്‍ഹി ലക്ഷ്യത്തിലെത്തി. 15 പന്തില്‍ 29 റണ്‍സടിച്ച ജെസ് ജൊനസന്‍റെയും 32 പന്തില്‍ 32 റണ്‍സടിച്ച മരിസാനെ കാപ്പിന്‍റെയും പോരാട്ടമാണ് ഡല്‍ഹിയെ വിജയവര കടത്തിയത്. സ്കോര്‍ ആര്‍സിബി 20 ഓവറില്‍ 150-4, ഡല്‍ഹി ക്യാപിറ്റല്‍സ് 19.4 ഓവറില്‍ 154-4.
അവസാന രണ്ടോവറില്‍ 16 റണ്‍സും രേണുകാ സിംഗ് എറിഞ്ഞ അവസാന ഓവറില്‍ ഒമ്പത് റണ്‍സുമായിരുന്നു ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തില്‍ സിംഗിള്‍ എടുത്ത ഡല്‍ഹിക്കായി മൂന്നാം പന്തില്‍ ജൊനാസന്‍ നേടിയ സിക്സാണ് അവരുടെ ജയം അനായാസമാക്കിയത്. രണ്ടാം പന്തില്‍ തന്നെ ഷഫാലി വര്‍മയെ(0) നഷ്ടമായ ഡല്‍ഹിക്ക് വൈകാതെ മെഗ് ലാനിങിനെയും(15) നഷ്ടമായെങ്കിലും ആലിസ് കാപ്സെ(24 പന്തില്‍ 38), ജെമീമ റോഡ്രിഗസ്(28 പന്തില്‍ 32) എന്നിവരുടെ പോരാട്ടം തുണയായി.ആര്‍സിബിക്കായി ആഷാ ശോഭന രണ്ട് വിക്കറ്റെടുത്തു.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആര്‍ സി ബി 52 പന്തില്‍ 67 റണ്‍സുമായി പുറത്താകാതെ നിന്ന എല്‍സി പെറിയുടെ ബാറ്റിംഗ് മികവിലാണ് ഭേദപ്പെട്ട സ്കോര്‍ ഉയര്‍ത്തിയത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച റിച്ച ഘോഷ് 16 പന്തില്‍ 37 റണ്‍സടിച്ച് ആര്‍ സി ബിയെ 150ല്‍ എത്തിക്കുകയായിരുന്നു.
15 പന്തില്‍ എട്ട് റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്മൃതി മന്ദാനയെ പവര്‍ പ്ലേയില്‍ തന്നെ ബാംഗ്ലൂരിന് നഷ്ടമായിരുന്നു. ഒമ്പതാം ഓവറില്‍ 63-3 എന്ന സ്കോറില്‍ പതറിയ ആര്‍ സി ബിയെ റിച്ച ഘോഷും എല്‍സി പെറിയും ചേര്‍ന്നുള്ള 74 റണ്‍സ് കൂട്ടുകെട്ടാണ് കരകയറ്റിയത്. 16 പന്തില്‍ മൂന്ന് ഫോറും മൂന്ന് സിക്സും പറത്തിയ റിച്ച ഘോഷ് പത്തൊമ്പതാം ഓവറില്‍ പുറത്താവുമ്പോള്‍ ബാംഗ്ലൂര്‍ സ്കോര്‍ 137ല്‍ എത്തിയിരുന്നു. ശ്രേയങ്ക പാട്ടീലിനൊപ്പം(4*) പൊരുതിയ എല്‍സി ബാംഗ്ലൂരിന് 150ല്‍ എത്തിച്ച് പുറത്താകാതെ നിന്നു. ഡല്‍ഹിക്കായി ശിഖ പാണ്ഡെ നാലോവറില്‍ 23 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത് തിളങ്ങി.