കൊച്ചി: ബ്രഹ്മപുരം വിഷയം പരിഗണിച്ചപ്പോൾ കോടതിയിൽ നേരിട്ട് എത്താത്തതിന് എറണാകുളം ജില്ലാ കളക്ടർക്ക് ഹൈക്കോടതിയുടെ വിമർശനം. ഓൺലൈനിലാണ് കളക്ടർ ഹാജരായത്. കുട്ടിക്കളിയല്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. അതേസമയം, ബ്രഹ്മപുരം പ്ലാന്‍റിന്‍റെ പ്രവര്‍ത്തനശേഷി മോശമാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഹൈക്കോടതിയില്‍ പറഞ്ഞു. കരാര്‍ കമ്പനിക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കും.
എല്ലാ സെക്ടറിലെയും തീ ഇന്നലെ കെടുത്തിയിരുന്നുവെന്നും എന്നാല്‍ സെക്ടർ ഒന്നിൽ ഇന്ന് രാവിലെ വീണ്ടും തീ ഉണ്ടായെന്നും കളക്ടർ കോടതിയെ അറിയിച്ചു. ഏഴ് ദിവസം ശക്തമായി നിരീക്ഷിക്കുന്നുണ്ടെന്നും എക്യുഐ (എയർ ക്വാളിറ്റി ഇൻഡക്സ്) പ്രകാരം മലനീകരണം കുറഞ്ഞുവെന്നും കളക്ടർ വ്യക്തമാക്കി. അതേസമയം, ബ്രഹ്‌മപുരത്ത് ആധുനിക നിരീക്ഷണ ഉപകരണങ്ങൾ സ്ഥാപിക്കാൻ കൊച്ചി നഗരസഭ നൽകിയ കരാറും കഴിഞ്ഞ 7 വർഷം ഇതിനായി ചിലവാക്കിയ പണത്തിന്റെ കണക്കും ഹാജരാക്കാൻ കോര്‍പറേഷന് സെക്രട്ടറിയോടെ ഹൈക്കോടതി നിർദേശിച്ചു.