Health

‘കൈയുറ’ അണുബാധ തടയുമോ, അണുബാധ പടരാൻ വഴി തുറക്കുമോ…?

ഡോ. വേണു തോന്നയ്ക്കൽ

നാം പല അവസരങ്ങളിലും കൈയുറകൾ ധരിക്കാറുണ്ട്. ആരോഗ്യ രംഗവുമായി ബന്ധപ്പെടുന്നവരാണ് പ്രധാനമായും കൈയുറകൾ ധരിക്കാറുള്ളത്.

Signature-ad

ഭക്ഷണം ഉണ്ടാക്കുന്നവരും വിളമ്പുന്നവരും മാലിന്യ നിർമ്മാർജ്ജന ജോലികളിൽ ഏർപ്പെടുന്നവരും അങ്ങനെ വിവിധതരം തൊഴിലുമായി ബന്ധപ്പെടുന്നവർ കൈയുറ ധരിക്കാറുണ്ട്. എന്തിനേറെ കൈകളിൽ സോപ്പ് അലർജി ഉള്ളവരും പാത്രം കഴുകുമ്പോഴും തുണി അലക്കുമ്പോഴും കൈയുറകൾ ഉപയോഗിക്കുന്നു. എന്നാൽ കൈയുറ കൂടുതൽ ജനശ്രദ്ധ നേടിയത് ഈ കൊറോണ കാലത്താണ്.
എന്തിനാണ് നാം കയ്യുറകൾ ധരിക്കുന്നത് എന്ന് എത്രപേർ ചിന്തിക്കുന്നു…? ഉത്തരം ഇതുകൂടി വായിച്ചിട്ടാവാം.
ചില ലഘു ഭക്ഷണശാലകൾ, കാൻറീനുകൾ, ബേക്കറികൾ, ട്രെയ്നിലെ പാൻട്രി കാറുകൾ എന്നിവിടങ്ങളിൽ ഭക്ഷണം എടുത്തു തരുന്നവർ അവരുടെ കൈകളിൽ കൈയുറ ധരിച്ചിരിക്കുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ.
ഇത് കാണുമ്പോൾ നാം എന്താണ് ചിന്തിക്കുന്നത് ? ഇത്തരം തൊഴിലുകളിൽ ഏർപ്പെടുന്നവരുടെ ആരോഗ്യ ബോധം, ശുചിത്വബോധം ഒക്കെയും വളരെ മെച്ചപ്പെട്ടതാണെന്ന് കരുതി നാം സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യും. തീർച്ചയായും അഭിമാനിക്കാൻ വകയുള്ളതാണ്. അത്തരക്കാരോട് സന്തോഷത്തോടെയും സ്നേഹത്തോടു കൂടിയും പെരുമാറുന്നത് ഉചിതമായിരിക്കും.
ഇവിടെ ഒരു സംശയം തീർക്കാൻ ഉണ്ട്. കയ്യുറ ധരിക്കുന്നത് എന്തിനാണ്…? രണ്ടു തരത്തിൽ നാം അത് കാണേണ്ടിവരും. അന്യന് ഉപദ്രവം ഉണ്ടാകാതിരിക്കാനും സ്വന്തം കൈ വൃത്തികേട് ആകാതിരിക്കാനും.

രാസവസ്തുക്കൾ, മാലിന്യങ്ങൾ, എന്നിവ കൈകാര്യം ചെയ്യുന്നവർ തൊഴിലിടങ്ങളിൽ സ്വന്തം കൈ മലിനമാകാതിരിക്കാനും തന്മൂലം അപകടങ്ങളും രോഗാണു ബാധയും ഒഴിവാക്കാനും കൈയുറ ധരിക്കുന്നത് നന്ന്. ഇവിടെ കൈയുറ അത് ധരിക്കുന്ന വ്യക്തികളുടെ മാത്രം രക്ഷയാണ് ലക്ഷ്യമിടുന്നത്.
ഓപ്പറേഷൻ തുടങ്ങിയ പ്രവൃത്തികളിൽ ഏർപ്പെടുന്ന ഡോക്ടർമാർ കൈയുറ ധരിക്കുന്നത് പ്രധാനമായും രോഗിയുടെ രക്ഷയെ കരുതിയാണ്. തന്റെ ശരീരത്തിൽ നിന്നും ഒരു രോഗാണു കൂടി തന്നെ സമീപിക്കുന്ന ഒരു രോഗിയുടെ ശരീരത്തിൽ കയറരുത് എന്ന ആരോഗ്യ ബോധമാണ് അതിനു പിന്നിൽ.
രോഗിയെ പരിശോധിക്കുകയോ പരിചരിക്കുകയോ ചെയ്യുന്ന വേളയിൽ രോഗിയിൽ നിന്നും മാരകമായ രോഗാണുക്കൾ ഡോക്ടറുടെയോ ആരോഗ്യ പ്രവർത്തകരുടെയോ ശരീരത്തിൽ പ്രവേശിക്കാതിരിക്കാൻ വേണ്ട മുൻകരുതലുകൾ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും എടുക്കാറുണ്ട് എന്നതും വിസ്മരിക്കുന്നില്ല.
ഒരു ഭക്ഷണശാലയിലേക്ക് ചെന്നാലോ…? ചെറിയ പെട്ടിക്കട മുതൽ വലിയ ഭോജന ശാല വരെ ഇകൂട്ടത്തിൽ ഉൾപ്പെടുത്താം. അവിടെ ഭക്ഷണം കൈ കൊണ്ടു എടുത്തു തരുന്നയാൾ ധരിക്കുന്ന കൈയുറയുടെ ഉപയോഗം എന്താണ് ?
അത് പ്രധാനമായും ഭക്ഷണം കഴിക്കുന്നവന്റെ രക്ഷയ്ക്കാണ്. ആഹാരം വിളമ്പുന്ന കയ്യിൽനിന്നും രോഗാണുക്കൾ ഭക്ഷണത്തിലേക്ക് പകർന്ന് അത് കഴിക്കുന്ന വ്യക്തിയുടെ ശരീരത്തിൽ കയറിക്കൂടാതിരിക്കാൻ ആണ് കൈയുറ ധരിക്കുന്നത്. അല്ലാതെ ഭക്ഷണം മൂലം സ്വന്തം കൈകൾ മലിനമാകാതിരിക്കാൻ അല്ലല്ലോ.
ഇനി ട്രെയിനിലെ പാൻട്രി കാറിൽ നിന്നും ചായയും ലഘു ഭക്ഷണങ്ങളും വിതരണം ചെയ്യുന്ന ഒരു തൊഴിലാളിയിലേക്ക് മടങ്ങാം. അയാൾ സ്വന്തം കൈകളിൽ കൈയുറ ധരിച്ചിട്ടുണ്ടാവും. തന്മൂലം അയാളുടെ ശരീരത്തിൽ നിന്നും ഒരു രോഗാണുവും നമുക്ക് തരുന്ന ഭക്ഷണത്തിലൂടെ നമ്മെ ആക്രമിക്കുകയില്ല എന്ന് അയാൾ കരുതുന്നു. ഒരു പക്ഷേ കാഴ്ചക്കാരും അപ്രകാരം കരുതി എന്നു വരാം.
നിങ്ങൾ ആ കൈയുറയിലേക്ക് നോക്കൂ. അയാൾ മുഴുവൻ സമയവും ഒരു കയ്യുറ തന്നെയാണ് ധരിച്ചിരിക്കുന്നത്. അതേ കൈയുറ ധരിച്ച് തന്നെയാണ് പാത്രത്തിൽ പിടിച്ചു ഭക്ഷണം കൊണ്ടുപോകുന്നതും ട്രെയിനിലെ വൃത്തിഹീനമായ പ്രതലങ്ങളിൽ സ്പർശിക്കുന്നതും അയാളുടെ ശരീരത്തിന്റെ ഇതര ഭാഗങ്ങളിൽ തൊടുന്നതും ചൊറിയുന്നതും മൂക്ക് ചുറ്റുന്നതും ഒക്കെ. ട്രെയിനിൽ യാത്ര ചെയ്യുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും.
വൃത്തിഹീനമായി ഉപയോഗിക്കുന്ന ഇത്തരം കൈയുറകളിൽ നിന്നും ചർമ്മ രോഗങ്ങൾ, വയറിളക്കം തുടങ്ങിയ ഉദര രോഗങ്ങൾ, ഹെപ്പറ്റൈറ്റിസ്, ശ്വാസകോശ രോഗങ്ങൾ തുടങ്ങി മാരകമായ അനവധി രോഗങ്ങൾ പകരാൻ ഇടയുണ്ട്.

കൈയുറയ്ക്ക് ഇവിടെ ആരോഗ്യത്തിനും ശുചിത്വത്തിലും എന്തു പങ്കാണ് ഉള്ളത് ? ഇത്തരത്തിൽ ഭക്ഷണം വിളമ്പുന്നവരെ ട്രെയിനിൽ മാത്രമല്ല പല ബേക്കറികളിലും ചെറുതും വലുതുമായ ഭോജനാലയങ്ങളിലും കാണാവുന്നതാണ്. വളരെ മെച്ചപ്പെട്ട നിലയിൽ ശുചിത്വം പാലിക്കുന്ന പാൻട്രി കാറുകളും ഭക്ഷണശാലകളും ഉണ്ട് ഇത്തരക്കാർ.
നാം എത്ര പേർ ഇതിനെതിരെ പ്രതികരിച്ചു…? ഇതാണ് വിദ്യാസമ്പന്നരായ നമ്മുടെ ആരോഗ്യ ബോധം. നാം ആരോഗ്യ കാര്യത്തിൽ ഏറെ മുൻപന്തിയിലാണെന്ന് പറഞ്ഞ് മാലോകരെ ഞെട്ടിക്കാറുണ്ട്. എന്തൊരു മഹാ വളിപ്പാണിത്.
ഇന്നലെ ഒരു വിദേശ ആശുപത്രിയിൽ വച്ച് ജർമൻകാരനായ ഒരാളെ ഈ ലേഖകൻപരിചയപ്പെട്ടു. മൂന്നുവട്ടം കേരളം സന്ദർശിച്ചിട്ടുള്ള അദ്ദേഹം (Gunther Hoffmann) കേരളത്തെക്കുറിച്ച് വായ് തോരാതെ സംസാരിച്ചു.
ഒപ്പമുണ്ടായിരുന്നവർ ഏവരും വിദേശീയരായിരുന്നു. അവർക്കിടയിൽ സ്വന്തം നാടിനെ കുറിച്ച് അദ്ദേഹം പറയുമ്പോൾ ഞാൻ സന്തോഷത്തോടെ അതിലുപരി അഭിമാനത്തോടെ നെഞ്ചുവിരിച്ച് തലയുയർത്തിപ്പിടിച്ചു കേട്ടു നിന്നു. ഒടുവിൽ കൈയുറ കഥയിലെത്തിയപ്പോഴാ ? ബ്ളൂം…!

Back to top button
error: