KeralaNEWS

പുരുഷനായി 28 വർഷം, പിന്നെ അനുരാധ ‘സ്ത്രീ’യായി: അറിയുക ഒരു ട്രാൻസ് വനിതയുടെ പോരാട്ടകഥ

    അനുരാധ 28 വർഷം ജീവിച്ചത് കുടുംബത്തിനു വേണ്ടിയായിരുന്നു. അതിനുശേഷമാണ് സ്വന്തം സ്വത്വത്തിനായുളള പോരാട്ടം ആരംഭിച്ചത്. സഹോദരിയുടെ വിവാഹവും കുടുംബ ബാധ്യതകളുമൊക്കെ തീർത്ത്  28-ാമത്തെ വയസ്സുമുതൽ അവനവനു വേണ്ടി ജീവിച്ചുതുടങ്ങി.

  ‘സ്ത്രീ’യെന്ന് അടയാളപ്പെടുത്തി തുടങ്ങിയതും അവിടം തൊട്ടാണ്. ദുരിതകാലത്തിനൊടുവിൽ ഇന്ന് ശുഭാപ്തി വിശ്വാസത്തോടെ മുന്നേറുകയാണ്  ട്രാൻസ് വനിതയായ അനുരാധ. പിന്നിട്ട കാലത്തെക്കുറിച്ചും, സ്ത്രീയെന്ന നിലയിൽ സംതൃപ്തയാണെന്നും  പറയുമ്പോൾ സുരക്ഷിതത്വം അനുഭവിക്കുന്നതിലെ അപര്യാപ്തതയെക്കുറിച്ച് പരാതികളേറെയുണ്ട് അനുരാധയ്ക്ക്.

28 വർഷം അക്ഷരാർഥത്തിൽ പുരുഷനായി അഭിനയിച്ച ജീവിതമായിരുന്നു. അവനവനു വേണ്ടി ജീവിച്ചു തുടങ്ങിയത് സ്ത്രീയായി മാറിയതിനുശേഷമാണ്. അതിനുമുമ്പുവരെ സ്ത്രീയായി മാറണം എന്ന സ്വപ്നം മനസ്സിലിട്ട് ജീവിച്ചു.

സഹോദരിയുടെ വിവാഹം, വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങൾ തുടങ്ങിയ പ്രാരാബ്ധങ്ങൾക്ക് മുന്നിൽ സ്വന്തം ഇഷ്ടം മാറ്റിവച്ചു. സൗദിയിലും ദുബായിലുമായി വർഷങ്ങളോളം ജോലി ചെയ്ത് വീട്ടിലെ ബുദ്ധിമുട്ടുകൾ തീർത്തുതുടങ്ങി. അന്നൊക്കെ മസിൽ പിടിച്ച് നടന്ന് പുരുഷനായി അഭിനയിക്കുകയായിരുന്നു. പിന്നീട് പ്രാരാബ്ധങ്ങളെല്ലാം തീർത്തതിനുശേഷമാണ് സ്വന്തം സ്വത്വത്തിലേക്കുള്ള യാത്ര ആരംഭിച്ചത്.

28-ാം വയസ്സിൽ സ്വത്വം വെളിപ്പെടുത്തിയതിനു പിന്നാലെ വീട് വിട്ടിറങ്ങുകയും ചെയ്തു. ട്രാൻസ്ജെൻഡർ എന്നു പറയുമ്പോൾ അന്ന് പുച്ഛത്തോടെയും പരിഹാസത്തോടെയും മാത്രമാണ് സമൂഹം നോക്കിയിരുന്നത്.

അതിനാൽ തുറന്നു പറയാൻ ഭയമായിരുന്നു. പലപ്പോഴും വീട്ടിൽ ഒറ്റക്കിരിക്കുമ്പോൾ പെൺകുട്ടികളെപ്പോലെ അണിഞ്ഞൊരുങ്ങി ആ​ഗ്രഹം തീർത്തു.  ജോലി ലഭിച്ചതിനുശേഷം പിന്നീട് അതിൽ മാത്രമായിരുന്നു കൂടുതൽ ശ്രദ്ധ. സ്വത്വം തേടിപ്പോകാനുള്ള ഒരു അവസ്ഥയോ സാമ്പത്തിക സാഹചര്യമോ ഉണ്ടായിരുന്നില്ല.

സ്വന്തം വീട്ടിൽ നിന്ന് പുറത്തുവന്നപ്പോഴും വാടകവീട്ടിൽ എട്ടുവർഷത്തോളം കഴിഞ്ഞപ്പോഴുമെല്ലാം സ്വന്തമായൊരു വീട് എന്ന സ്വപ്നമായിരുന്നു അനുരാധയുടെ മനസ്സുനിറയെ. ഒടുവിൽ കഴിഞ്ഞ വർഷം അതു സാധ്യമായി.

ഒരു ട്രാൻസ് വുമണിന് സ്വന്തമായൊരു വീട് എന്ന സ്വപ്നം നേടിയെടുക്കുക എന്നത് അത്ര എളുപ്പമല്ല. സ്ഥലം വാങ്ങി വീടു വെക്കുക എന്നത് അതിലേറെ ദുഷ്ക്കരം. സ്ഥലത്തിനായി സമീപിച്ചപ്പോൾ ട്രാൻസ് വുമൺ ആണെന്നറിഞ്ഞ് മുഖംതിരിച്ചവർ നിരവധി. സ്ഥലം ഇഷ്ടമായി, വിലയും ഉറപ്പിച്ച് നേരിട്ടു ചെല്ലുമ്പോൾ ട്രാൻസ് വുമൺ ആണെന്നറിഞ്ഞാൽ അവരുടെ മട്ടുമാറും. പിന്നെ വീട് വിൽക്കുന്നതിനെക്കുറിച്ച് മൗനം. അത്തരത്തിൽ ഇഷ്ടപ്പെട്ട നിരവധി സ്ഥലങ്ങൾ വാങ്ങാൻ കഴിയാതെ വന്നിട്ടുണ്ട്.

ഒടുവിൽ കോഴിക്കോട് കോട്ടൂളിയിൽ സ്വപ്നഭവനം നേടിയെടുക്കുക തന്നെ  ചെയ്തു അനുരാധ. സ്വന്തം പരിശ്രമത്തിലൂടെ വീട് വെച്ചിട്ടു പോലും പരിഹാസത്തോടെ സംസാരിക്കുന്നവർ ഏറെയുണ്ട്.

ഇപ്പോഴത്തെ കാലത്തെ കുട്ടികൾ ഞാനൊരു ട്രാൻസ് ആണെന്ന് അഭിമാനത്തോടെ പറയാനുള്ള സാഹചര്യം വന്നുകഴിഞ്ഞു. മുൻകാല ട്രാൻസ് സമൂഹം നിരന്തരം പോരാടിയിടതിന്റെ ഫലമാണത്.

സർജറി എന്നത് എടുത്തടിച്ച് ചെയ്യേണ്ട ഒന്നല്ല. കാലങ്ങളോളം ആലോചിച്ച് മാനസികമായും ശാരീരികമായുമൊക്കെ പൂർണമായും തയ്യാറെടുത്തതിനുശേഷം മാത്രമേ സർജറി ചെയ്യാവൂ. ചുരുങ്ങിയത് ഒരുവർഷമെങ്കിലും സർജറിക്കായുള്ള മുന്നൊരുക്കം നടത്തിയിരിക്കണം.

മാനസികമായി തയ്യാറെടുത്തിട്ടുപോലും  സർജറിക്കു ശേഷം എനിക്ക് പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നു. സർജറി വിജയകരമാവാത്ത സംഭവങ്ങളും ധാരാളമുണ്ട്. ശാരീരികവേദന അനുഭവിച്ചിട്ടും ആ​ഗ്രഹിച്ച രൂപത്തിലേക്ക് എത്തപ്പെടാൻ കഴിയാതെ വരുമ്പോൾ വിഷാദത്തിലേക്ക് വീഴുന്നവരുണ്ട്. സർജറിയുടെ എല്ലാവശങ്ങളെക്കുറിച്ചും മനസ്സിലാക്കിയതിനു ശേഷം മാത്രമേ ഇതിലേക്ക് കടക്കാവൂ. സർജറി പരാജയപ്പെട്ടാലും കമ്മ്യൂണിറ്റിയെ ഭയന്ന് തുറന്നുപറയാൻ മടിക്കുന്നവരുമുണ്ട്. കമ്മ്യൂണിറ്റിയിലുള്ള അരക്ഷിതാവസ്ഥ തന്നെയാണ് അതിനുകാരണം. നൂറുശതമാനം വിജയം മാത്രം പ്രതീക്ഷിച്ചാവരുത് സർജറിയിലേക്ക് കടക്കുന്നത്.

സ്ത്രീയായി മാറിയ ഈ ജീവിതത്തിൽ നൂറുശതമാനവും സംതൃപ്തയാണ്. തീർത്തും ഭയരഹിതമായി ജീവിക്കാൻ പഠിച്ചത് സ്വത്വം വെളിപ്പെടുത്തിയതിനു ശേഷമുള്ള കാലമാണ്.

സന്തുഷ്ടയാണെന്നു പറയുമ്പോഴും പൂർണമായും സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നു തന്നെയാണ് ഉത്തരം. ഇന്നത്തെ സമൂഹത്തിൽ സ്ത്രീകൾ എത്രത്തോളം അരക്ഷിതാവസ്ഥ അനുഭവിക്കുന്നുണ്ടോ അതിന്റെ ഇരട്ടിയാണ് ട്രാൻസ് വനിതകൾ നേരിടുന്നത്.

ഒരു കടയിൽ പോയാലോ പുറത്തിറങ്ങിയാലോ ഒക്കെ ഇപ്പോഴും ചുളിഞ്ഞു നോക്കുന്നവരുണ്ട്. സെക്സ് വർക് ചെയ്യുന്നവരൊക്കെയാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നവർ. അതവരുടെ തൊഴിൽ ആണെന്നുപോലും തിരിച്ചറിയാതെ അവരെ എപ്പോൾ വേണമെങ്കിലും ലഭ്യമാകും എന്ന രീതിയിൽ സമീപിക്കുന്നവരും ചൂഷണം ചെയ്യുന്നവരുണ്ട്.

ബോൾഡായി തീരുമാനങ്ങൾ എടുക്കാൻ കഴിഞ്ഞതും ഇപ്പോൾ സ്വന്തമായൊരു വീട് വരെ നേടിയെടുക്കാൻ കഴിഞ്ഞതുമൊക്കെ സ്ത്രീയായി മാറിയതിനുശേഷമാണ്. ഇക്കാലമത്രയും ഞാൻ എന്താണ് എന്ന് ബോധ്യപ്പെടുത്തണം എന്നാ​ഗ്രഹിച്ചത് സഹോദരിയെ മാത്രമാണ്, കാരണം അവൾക്കു വേണ്ടിയാണ് ഈ ജീവിതത്രയും ജീവിച്ചത്. ഇന്ന് കുടുംബത്തിന്റെ പിന്തുണയും സ്നേഹവുമൊക്കെ ലഭിക്കുന്നുണ്ട്.

Back to top button
error: