CrimeNEWS

കാനഡയില്‍ ജോലി വാഗ്ദാനം നല്‍കി യുവതിയുടെ 24 ലക്ഷം തട്ടി; പ്രതിയെ പഞ്ചാബില്‍ പോയി പിടികൂടി പോലീസ്

തിരുവനന്തപുരം: കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍നിന്ന് 23 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ പഞ്ചാബ് സ്വദേശി പിടിയില്‍. ഗഗന്‍ദീപ് സിങ്ങി(39)നെയാണ് കഴക്കൂട്ടം പോലീസ് പഞ്ചാബിലെത്തി അറസ്റ്റ് ചെയ്തത്.

വിദേശങ്ങളില്‍ ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത്, സാമൂഹിക മാധ്യമങ്ങള്‍വഴി പരസ്യങ്ങള്‍ നല്‍കിയാണ് ഇയാളും സംഘവും ലക്ഷങ്ങള്‍ തട്ടിയെടുത്തിരുന്നത്. ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ട മേനംകുളം സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കഴക്കൂട്ടം പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

പരസ്യങ്ങള്‍ കണ്ട് ജോലിക്കായി ബന്ധപ്പെടുന്നവര്‍ക്ക് വ്യാജ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് അയച്ചുകൊടുത്ത് വിശ്വാസം നേടും. തുടര്‍ന്ന് അറ്റസ്റ്റേഷനുവേണ്ടിയെന്നും ഓഫര്‍ ലെറ്ററിനെന്നുമെല്ലാമുള്ള നിരവധി കാരണങ്ങള്‍ പറഞ്ഞ് പണം ആവശ്യപ്പെടും. തുടര്‍ന്ന് കാനഡ എംബസിയുടെതെന്ന പേരില്‍ വ്യാജമായി തയ്യാറാക്കിയ എമര്‍ജന്‍സി അപ്പോയ്‌മെന്റ് ലെറ്ററും മറ്റു രേഖകളും അയച്ചുകൊടുക്കും. ഇത്തരത്തില്‍ ഇവര്‍ പല തവണകളായി 23 ലക്ഷം രൂപയോളമാണ് യുവതിയില്‍നിന്ന് തട്ടിയെടുത്തത്.

പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പഞ്ചാബിലെ ഒളിത്താവളത്തില്‍നിന്ന് പിടികൂടിയത്. സംഘം ഇത്തരത്തില്‍ കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.

Back to top button
error: