KeralaNEWS

ബ്രഹ്‌മപുരം ജൈവമാലിന്യ സംസ്‌കരണം; കരാര്‍ നല്‍കിയത് സിപിഎം പ്രാദേശിക നേതാവിന്റെ കമ്പനിക്ക്

കൊച്ചി : ബ്രഹ്‌മപുരത്ത് അഴിമതി ആരോപണങ്ങള്‍ ഉയരുന്ന ജൈവമാലിന്യ സംസ്‌കരണ ടെന്‍ഡറില്‍ കഴിഞ്ഞ വര്‍ഷം കരാര്‍ ലഭിച്ചത് സിപിഎം നേതാവിന്റെ കമ്പനിക്ക്. സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സിന്റെ രണ്ട് പങ്കാളികളില്‍ ഒരാള്‍ കളമശേരിയിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ സക്കീര്‍ ബാബുവാണ്. ടെന്‍ഡറില്‍ അട്ടിമറി നടന്നു എന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണവും കമ്പനി നേരിടുകയാണ്. കൊച്ചി കോര്‍പ്പറേഷനില്‍ പ്രതിദിന മാലിന്യ സംസ്‌കരണത്തില്‍ ഏറ്റവും ഒടുവില്‍ കരാര്‍ നേടിയ കമ്പനി സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സാണ്. തീപിടുത്തം ഉണ്ടായ മാര്‍ച്ച് രണ്ടിനാണ് കരാര്‍ അവസാനിച്ചത്. സക്കീര്‍ ബാബു, വിവാദ സിപിഎം നേതാവ് സക്കീര്‍ ഹുസൈന്‍ നേതൃത്വം നല്‍കിയ സംഘടനയിലെ വൈസ് പ്രസിഡന്റ് സേവി ജോസഫ് എന്നീ രണ്ട് പേരാണ് കമ്പനി ഉടമകള്‍.

കോര്‍പ്പറേഷന്‍ ടെന്‍ഡര്‍ ക്ഷണിക്കുന്നത് 2021 ഏപ്രില്‍ 21നാണ്. മാലിന്യ സംസ്‌കരണത്തില്‍ ഒരു മുന്‍പരിചയവും സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സിനില്ല. എന്നാല്‍ ടെക്‌നോഗ്രൂപ്പ് എന്ന മറ്റൊരു കമ്പനിയുമായി ചേര്‍ന്ന് കരാര്‍ സ്വന്തമാക്കിയത് മുതല്‍ അടിമുടി ദുരൂഹതകളാണ്. പ്രതിദിനം 250 ടണ്‍ മാലിന്യ സംസ്‌കരിച്ചുള്ള പ്രവൃത്തി പരിചയം വേണമെന്നതാണ് പ്രധാന നിബന്ധന. 100 ടണ്‍ പോലും പ്രതിദിന സംസ്‌കരണം നടക്കാത്ത ഒറ്റപ്പാലത്തെയും മലപ്പുറത്തെയും പ്രവൃത്തി പരിചയം കാട്ടി ടെക്‌നിക്കല്‍ ബിഡ് വിജയിച്ചതാണ് പ്രധാന ആരോപണം.

സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സിന് വഴിവിട്ട് സഹായം നല്‍കി എന്ന ആരോപണത്തില്‍ ഭരണ പ്രതിപക്ഷ ഭേദമില്ല. കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണിക്ക് ഒപ്പം സിപിഐ കൗണ്‍സിലര്‍ സിഎ ഷക്കീറും അഴിമതി ഉയര്‍ത്തുന്നതാണ് സിപിഎമ്മിനെ പ്രതിരോധത്തില്‍ നിര്‍ത്തുന്നത്.

സ്റ്റാര്‍കണ്‍ട്രക്ഷന്‍സിന്റെ കരാര്‍ കാലാവധി അവസാനിക്കാന്‍ രണ്ട് മാസം ബാക്കി നില്‍ക്കെ പുതിയ ടെന്‍ഡര്‍ ക്ഷണിക്കണമെന്ന ചട്ടം നിലനില്‍ക്കെ കോര്‍പ്പറേഷന്‍ ഇതും അവഗണിച്ചു. ഒടുവില്‍ തീ കത്തി വിവാദമായതിന് പിന്നിലാണ് ആരോപണങ്ങള്‍ക്ക് പിന്നാലെ പുതിയ ടെന്‍ഡര്‍ ക്ഷണിച്ചത്. പ്രതിദിന മാലിന്യ സംസ്‌കരണ കരാര്‍ നേടിയെടുത്തതിലെ അഴിമതി ആരോപണങ്ങള്‍ സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍്‌സ് വിജിലന്‍സ് അന്വേഷണം നേരിടുകയാണ്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: