KeralaNEWS

സ്വപ്നയെ കണ്ടത് വെബ് സീരീസ് ചര്‍ച്ചയ്ക്ക്; ഇഡി വിളിപ്പിച്ചപ്പോള്‍ ഹാജരായി: വിജേഷ് പിള്ള

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ പച്ചക്കള്ളമെന്ന് കേസ് ഒത്തുതീര്‍പ്പാക്കാന്‍ എത്തിയെന്ന് ആരോപിക്കപ്പെട്ട വിജേഷ് പിള്ള. വെബ് സീരീസുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കാണ് സ്വപ്നയെ കണ്ടതെന്ന് വിജേഷ് പിള്ള മാധ്യമങ്ങളോടു പ്രതികരിച്ചു. സ്വപ്നയുമായി രഹസ്യ ചര്‍ച്ച നടത്തിയിട്ടില്ല. ഹോട്ടലില്‍ പരസ്യമായാണു കണ്ടത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ മാധ്യമങ്ങളില്‍ കണ്ടുള്ള പരിചയം മാത്രമേയുള്ളൂവെന്നും വിജേഷ് പിള്ള പറഞ്ഞു.

സ്വപ്നയുടെ ആരോപണത്തില്‍ ചോദ്യംചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്നലെ വിളിച്ചെന്നും വിജേഷ് പിള്ള വ്യക്തമാക്കി. ”ഒരു വാസ്തവവും ഇല്ലാത്ത കാര്യങ്ങളാണു പറഞ്ഞിരിക്കുന്നത്. എല്ലാം പച്ചക്കള്ളമാണ്. ഒരു വെബ് സീരീസുമായി ബന്ധപ്പെട്ട കാര്യത്തിനാണ് അവരുമായി കൂടിക്കാഴ്ച നടത്തിയത്. അവര്‍ പ്രാഥമികമായി ഓകെ എന്നു പറഞ്ഞിരുന്നതിനാല്‍ ചര്‍ച്ചകള്‍ക്കായി കാണുകയായിരുന്നു. ഷൂട്ടോ കാര്യങ്ങളോ അല്ല, വെബ് സീരീസിന്റെ ചര്‍ച്ചയായിരുന്നു. ഹോട്ടലിന്റെ റസ്റ്ററന്റില്‍ ഇരുന്നായിരുന്നു ചര്‍ച്ച.

Signature-ad

അവര്‍ പരസ്യമായി പൊതുയിടത്തില്‍ പറഞ്ഞതിനു മറുപടി എങ്ങനെ കൊടുക്കണമെന്ന് എനിക്ക് അറിയില്ല. ഞാനവരെ ഭീഷണിപ്പെടുത്തിയെന്നും, രാഷ്ട്രീയ പാര്‍ട്ടി ബന്ധവുമായാണ് ഞാന്‍ വരുന്നതെന്നും 30 കോടി വാഗ്ദാനം ചെയ്‌തെന്നും അവരുടെ കൈയില്‍ തെളിവുണ്ടെങ്കില്‍ അവര്‍ കാണിക്കട്ടെ. ഒടിടിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചതുകൊണ്ടാണ് അവരുമായി സംസാരിക്കാന്‍ പോയത്. ഇല്ലെങ്കില്‍ എനിക്കവരെ കാണേണ്ട ആവശ്യമില്ലല്ലോ.

കണ്ടന്റ് ചെയ്യുന്നതിനു താല്‍പര്യമുണ്ടെന്നു പറഞ്ഞിട്ടാണു കൂടിക്കാഴ്ച നടത്തിയത്. അതില്‍നിന്ന് അവര്‍ക്ക് എങ്ങനെ വരുമാനം ലഭിക്കും എന്നുള്ള കാര്യങ്ങളാണു ഞങ്ങള്‍ സംസാരിച്ചത്. അക്കാര്യങ്ങള്‍ അവര്‍ വേറൊരു രീതിയില്‍ വളച്ചൊടിക്കുന്നുണ്ടോ എന്നു ഞാന്‍ ചിന്തിക്കേണ്ട കാര്യമില്ലല്ലോ. ഒടിടിയിലെ വരുമാനമെന്നത് അവരുടെ കണ്ടന്റ് എങ്ങനെയാണോ അതുപോലെയായിരിക്കും. അവരെങ്ങനെയാണ് അതു മാനിപുലേറ്റ് ചെയ്യുന്നതെന്ന് എനിക്ക് അറിയില്ല.

എം.വി. ഗോവിന്ദനെപ്പോലുള്ളവരെ പത്രത്തിലും ടിവിയിലും ഒക്കെ കാണുന്നതല്ലാതെ എനിക്ക് അവരെയോ അവര്‍ക്ക് എന്നെയോ പരിചയമില്ല. ഈ സാഹചര്യത്തില്‍ ഇഡി എനിക്ക് സമന്‍സ് അയച്ചിരുന്നു. ഇന്നലെ അവരുടെ ഓഫീസില്‍ പോയി കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്” വിജേഷ് കൂട്ടിച്ചേര്‍ത്തു.

 

Back to top button
error: