CrimeNEWS

കരിപ്പൂരിൽ പ്രവാസിയെ തട്ടികൊണ്ടുപോയി മർദ്ദിച്ചു; വിദേശത്തേക്ക് മുങ്ങിയ പ്രതികൾ പിടിയിൽ

കോഴിക്കോട്: വിദേശത്തുനിന്ന് വന്ന യുവാവിനെ തട്ടികൊണ്ടുപോയി മർദ്ദിച്ച കേസിലെ പ്രതികളായ നാല് പേർ അറസ്റ്റിൽ. പുള്ളാവൂർ മാക്കിൽ മുഹമ്മദ്‌ ഉവൈസ് ( 22 ) , പുള്ളാവൂർ കടന്നാലിൽ മുഹമ്മദ്‌ റഹീസ് ( 22 ) , പരപ്പൻ പൊയിൽ വലിയപറമ്പിൽ മീത്തലെ പനക്കോട് മുഹമ്മദ്‌ ഷഹൽ ( 23 ) , ഉണ്ണികുളം പുതിയെടത്തു കണ്ടി ആദിൽ ( 23 ) എന്നിവരെയാണ് താമരശ്ശേരി ഇൻസ്‌പെക്ടർ സത്യനാഥൻ എൻ കെ യുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ജനുവരി 9 – ന് രാത്രി 9 മണിക്ക് ബഹ്‌റൈനിൽ നിന്നും കരിപ്പൂർ എയർ പോർട്ടിൽ ഇറങ്ങിയ മേപ്പയൂർ കാരയാട്ട് പാറപ്പുറത്തു ഷഫീഖിനെ കൊണ്ടോട്ടിയിൽ നിന്നും തട്ടിക്കൊണ്ടുപോയി താമരശ്ശേരി ലോഡ്ജിൽ തടങ്കലിൽ വെക്കുകയായിരുന്നു സംഘം. രണ്ടു ദിവസത്തിന് ശേഷം കാറിൽ കയറ്റി കട്ടാങ്ങൽ ഭാഗത്തേക്ക്‌ കൊണ്ട് പോകുന്നതിനിടെ കുരുങ്ങാട്ടെ കടവ് പലതിനടുത്തു വെച്ച് കാറിൽ നിന്നും ഇറങ്ങി അടുത്തുള്ള ഹോട്ടലിലേക്ക് ഓടിക്കയറി ഷഫീക്ക് രക്ഷപ്പെട്ടു. ഇതിന് പിന്നാലെ പൊലീസ് എത്തി ഷഫീഖിനെ കൊണ്ട് പോയി മൊഴി രേഖപ്പെടുത്തി കേസ് എടുക്കുകയായിരുന്നു.

പിറ്റേന്ന് തന്നെ പ്രതികളായ 4 പേരും നെടുമ്പാശ്ശേരി വഴി വിദേശത്തേക്ക് കടക്കുകയായിരുന്നു. വിദേശത്തുള്ളവർ മുഖേന സമ്മർദം ചെലുത്തിയതിനെ തുടർന്ന് പ്രതികൾ തിരിച്ചു കേരളത്തിലെത്തുകയായിരുന്നു. ഹൈക്കോടതി നിർദേശപ്രകാരം അന്വേഷണഉദ്യോഗസ്ഥനായ താമരശ്ശേരി ഇൻസ്‌പെക്ടറുടെ മുൻപാകെ പ്രതികൾ ഹാജരാകുകയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. താമരശ്ശേരി ഡി വൈ എസ് പി അഷ്‌റഫ്‌ തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: