LIFEMovie

തീയറ്ററുകളിൽ പ്രേക്ഷകരെ ‘രോമാഞ്ചം’ കൊള്ളിച്ച ബോക്സ് ഓഫീസ് ഹിറ്റ് രോമാഞ്ചം ഒരു മാസം കൊണ്ട് നേടിയത്

ലയാള സിനിമയിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ ബോക്സ് ഓഫീസ് ഹിറ്റ് ആണ് രോമാഞ്ചം. ഫെബ്രുവരി 3 ന് കേരളത്തിലെ 144 സ്ക്രീനുകളോടെ റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന് ആദ്യദിനം മുതൽ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി പ്രവഹിക്കാൻ തുടങ്ങി. ആബാലവൃദ്ധം പ്രേക്ഷകർ ഒരേ സ്വരത്തിൽ ചിത്രം ഏറ്റെടുക്കുന്ന കാഴ്ചയാണ് തുടർ വാരങ്ങളിൽ തിയറ്ററുകളിൽ കാണാൻ സാധിച്ചത്. നാലാം വാരത്തിൽ എത്തിയപ്പോൾ കേരളത്തിൽ 197 സ്ക്രീനുകളാണ് രോമാഞ്ചത്തിന് ഉണ്ടായിരുന്നത്. ഇപ്പോഴിതാ റിലീസ് ചെയ്ത് ഒരു മാസം പിന്നിട്ടപ്പോൾ ചിത്രം നേടിയ കളക്ഷൻ എത്രയെന്നത് സംബന്ധിച്ച കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

വിവിധ ബോക്സ് ഓഫീസ് ട്രാക്കർമാർ മുന്നോട്ടുവെക്കുന്ന കണക്കുകൾ പ്രകാരം 34 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം നേടിയിരിക്കുന്നത് 62 കോടി രൂപയാണ്. കേരളത്തിൽ നിന്ന് 38 കോടി നേടിയ ചിത്രം ഇതര സംസ്ഥാനങ്ങളിൽ നിന്ന് 3.6 കോടിയും വിദേശ മാർക്കറ്റുകളിൽ നിന്ന് 21.15 കോടിയും നേടിയതായി ബോക്സ് ഓഫീസ് ട്രാക്കർമാരായ ഫോറം കേരളം അറിയിക്കുന്നു. മലയാളത്തിലെ എക്കാലത്തെയും വലിയ സാമ്പത്തിക വിജയങ്ങളുടെ നിരയിലേക്ക് ചിത്രം എത്തിയിരിക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. നേരത്തെ 23 ദിവസങ്ങൾ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം 50 കോടി ക്ലബ്ബിൽ ഇടം നേടിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എല്ലാം മറന്ന് ചിരിക്കാൻ പറ്റുന്ന ഒരു ചിത്രം ഏറെക്കാലത്തിനു ശേഷമാണ് മലയാളത്തിൽ സംഭവിക്കുന്നത് എന്നതായിരുന്നു ചിത്രത്തിൻറെ ഏറ്റവും വലിയ പ്ലസ്. ഹൊറർ കോമഡി വിഭാഗത്തിൽ പെടുന്ന സിനിമയാണിത്. 2007ൽ ബംഗളൂരുവിൽ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കൾക്കിടയിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഓജോ ബോർഡും ആത്മാവിനെ ക്ഷണിച്ചുവരുത്തലുമൊക്കെ ചേർത്ത് ഭയത്തിൻറെയും അതിലേറെ ചിരിയുടെയും രസക്കൂട്ടിലാണ് സംവിധായകൻ ചിത്രമൊരുക്കിയിരിക്കുന്നത്. സൌബിനൊപ്പം അർജുൻ അശോകൻ, ചെമ്പൻ വിനോദ് ജോസ്, സജിൻ ഗോപു, സിജു സണ്ണി, അഫ്സൽ പി എച്ച്, അബിൻ ബിനൊ, ജഗദീഷ് കുമാർ, അനന്തരാമൻ അജയ്, ജോമോൻ ജ്യോതിർ, ശ്രീജിത്ത് നായർ, തുടങ്ങി അഭിനയിച്ചവരുടെ മികവുറ്റ പ്രകടങ്ങളും കൈയടി നേടിക്കൊടുത്ത ഘടകമാണ്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: