മുംബൈ: നടിയും കോണ്‍ഗ്രസ് നേതാവുമായ നഗ്മ സൈബര്‍ തട്ടിപ്പിനിരയായി. ഒരു ലക്ഷം രൂപയാണു താരത്തിനു നഷ്ടമായത്. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങള്‍ (കെവൈസി) അപ്ഡേറ്റ് ചെയ്യാനായി ഫോണില്‍ വന്ന എസ്എംഎസിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെയാണ് പണം നഷ്ടപ്പെട്ടത്. ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ തന്റെ മൊബൈല്‍ ഫോണിന്റെ റിമോട്ട് ആക്സസ് തട്ടിപ്പുകാര്‍ക്ക് ലഭിക്കുകയായിരുന്നുവെന്ന് നഗ്മ പറഞ്ഞു.
ബാങ്ക് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത തട്ടിപ്പുകാര്‍ ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. ഒന്നിലധികം ഒടിപികള്‍ ലഭിച്ചെങ്കിലും ആരുമായും അവ പങ്കുവച്ചിട്ടില്ലെന്ന് നടി പറയുന്നു. സന്ദേശം ബാങ്ക് അയച്ചതെന്ന് കരുതിയാണ് ക്ലിക്ക് ചെയ്തത്. അപരിചിത നമ്പറില്‍ നിന്നല്ല, സാധാരണ ബാങ്കുകള്‍ അയയ്ക്കുന്ന രീതിയിലായിരുന്നു മെസേജ്. ക്ലിക്ക് ചെയ്തുകഴിഞ്ഞ് പണം നഷ്ടമായതോടെയാണ് തട്ടിപ്പാണെന്ന് മനസ്സിലായതെന്നും നടി പറഞ്ഞു.
നടി മാളവിക (ശ്വേത മേനോന്‍) തട്ടിപ്പിനിരയായ വാര്‍ത്ത വന്നതിന് പിന്നാലെയാണ് നഗ്മയും പരാതി നല്‍കിയത്. തെന്നിന്ത്യന്‍, ഭോജ്പുരി സിനിമകളിലും ബോളിവുഡ് സിനിമയിലും സജീവമായിരുന്ന നഗ്മ 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുപിയിലെ മീററ്റില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായിരുന്നു. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ വ്യാപകമായിരിക്കെ ജാഗ്രത വേണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.
പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, കെവൈസി അപ്ഡേഷന്‍, വൈദ്യുതി ബില്‍ പേയ്മെന്റ് എന്നിവയടക്കം വിവിധ സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് എത്തുന്നവരാണു ലക്ഷങ്ങള്‍ തട്ടുന്നത്. മൊബൈല്‍ ഫോണില്‍ വരുന്ന എസ്എംഎസിനൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് രണ്ടാഴ്ചയ്ക്കിടെ നഗരത്തില്‍ നൂറിലേറെപ്പേര്‍ക്കാണ് പണം നഷ്ടപ്പെട്ടത്. കറന്റ് ബില്‍ അടയ്ക്കാന്‍ സഹായം വാഗ്ദാനം ചെയ്തും ബില്‍ ഉടന്‍ അടച്ചില്ലെങ്കില്‍ കണക്ഷന്‍ വിഛേദിക്കുമെന്നു പറഞ്ഞും കഴിഞ്ഞ 6 മാസത്തിനിടെ 150 തട്ടിപ്പുകേസുകള്‍ ഉണ്ടായിട്ടുണ്ട്.