ഭോപ്പാല്‍: മധ്യപ്രദേശിലെ രത്ലാമില്‍ ബിജെപി സംഘടിപ്പിച്ച ബോഡിബില്‍ഡിങ് മത്സരത്തിന്റെ വേദിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗംഗാ ജലം തളിച്ചു. ഹനുമാന്‍ ചിത്രത്തിനു സമീപം വനിതാ ബോഡി ബില്‍ഡര്‍മാര്‍ ഫോട്ടോയ്ക്കു പോസ് ചെയ്‌തെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസിന്റെ ‘ശുദ്ധീകരണ’ നടപടി.
കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളിലാണ് 13-ാമത് മിസ്റ്റര്‍ ജൂനിയര്‍ ബോഡിബില്‍ഡിങ് മത്സരം രത്ലാമില്‍ സംഘടിപ്പിച്ചത്. ബിജെപി ഭരിക്കുന്ന നഗരസഭയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ബിജെപി നേതാവ് പ്രഹ്ലാദ് പട്ടേലാണ് നഗരസഭാ മേയര്‍. ബിജെപി എംഎല്‍എ ചൈതന്യ കശ്യപും സംഘാടകസമിതിയിലുണ്ട്.
പരിപാടി അവസാനിച്ചതിനു പിന്നാലെ വനിതാ ബോഡി ബില്‍ഡര്‍മാര്‍ ഹനുമാന്‍ ചിത്രത്തിനു മുന്നില്‍ ഫോട്ടോയ്ക്കു പോസ് ചെയ്യുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയത്. ബ്രഹ്‌മചാരിയായ ഹനുമാനെ അപമാനിച്ചെന്ന് മുന്‍ മേയറും കോണ്‍ഗ്രസ് നേതാവുമായ പരാസ് സക്ലേശ ആരോപിച്ചു.
തിങ്കളാഴ്ച, പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ വേദിയില്‍ ഗംഗാ ജലം തളിക്കുകയും ഹനുമാന്‍ ചാലിസ പാരായണം ചെയ്യുകയുമായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ടവരെ ഹനുമാന്‍ ശിക്ഷിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മായങ്ക് ജാട്ട് പറഞ്ഞു. എന്നാല്‍, സ്ത്രീകള്‍ കായികരംഗത്ത് മികവ് പുലര്‍ത്തുന്നത് കാണാന്‍ കോണ്‍ഗ്രസിന് താല്‍പര്യമില്ലെന്ന് ആരോപിച്ച് സംസ്ഥാന ബിജെപി വക്താവ് ഹിതേഷ് ബാജ്പേയ് തിരിച്ചടിച്ചു.
”സ്ത്രീകള്‍ ഗുസ്തിയിലോ ജിംനാസ്റ്റിക്‌സിലോ നീന്തലിലോ പങ്കെടുക്കുന്നത് കോണ്‍ഗ്രസുകാര്‍ക്ക് കാണാന്‍ കഴിയില്ല. കാരണം അവരുടെ ഉള്ളിലെ പിശാച് ഇതു കണ്ട് ഉണരും. കായികരംഗത്തുള്ള സ്ത്രീകളെ വൃത്തികെട്ട കണ്ണുകളോടെ നോക്കാന്‍ അവര്‍ക്ക് നാണമില്ലേ?” -ബാജ്പേയ് ചോദിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സംഘാടകരില്‍ ചിലര്‍ പോലീസിനു പരാതി നല്‍കി.