KeralaNEWS

പനി ബാധിതരുടെ എണ്ണം ഉയരുന്നു, എച്ച്് 3 എന്‍ 2 വൈറസ് സാന്നിധ്യവും; നിരീക്ഷണം ശക്തമാക്കി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കൂടുന്നു. എച് 3 എന്‍ 2 വൈറസ് സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ എല്ലാ ജില്ലകളിലും ആരോഗ്യ വകുപ്പ് നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കി. പനിക്കൊപ്പം ഒരാഴ്ച വരെ നീണ്ടുനില്‍ക്കുന്ന ചുമ, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരുടെ എണ്ണവും കൂടി വരുന്നു.

കഴിഞ്ഞ ആറ് ദിവസത്തിനിടെ 34,137 പേരാണ് ചികിത്സ തേടിയത്. 35 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. എലിപ്പനി ബാധിച്ച് ഒരാളും ചെള്ള് പനി ബാധിച്ച് മറ്റൊരാളും സംസ്ഥാനത്ത് മരിച്ചു. ആറ് പേരാണ് നിലവില്‍ ചെള്ള് പനിക്ക് ചികിത്സയിലുള്ളത്. 344 പേര്‍ക്ക് ചിക്കന്‍ പോക്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്. 164 ഡെങ്കിപ്പനി ബാധിതരുണ്ട്. നാല് പേര്‍ക്ക് എച് 1 എന്‍ 1 ബാധിച്ചു.

Signature-ad

മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച ഇന്‍ഫ്‌ളുവന്‍സ എഎച്ച് 3 എന്‍ 2 വൈറസ് സാന്നിധ്യം ഏതാനും ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും വൈറസ് സാന്നിധ്യം വ്യാപകമല്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഏതൊക്കെ ജില്ലകളിലാണ് വൈറസ് ബാധയെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

എച്ച് 1 എന്‍ 1 പോലെയുള്ള രോഗലക്ഷണങ്ങളുമായി എത്തുന്നവര്‍ക്ക് ഒസള്‍ട്ടാമിവിര്‍ പോലെയുള്ള മരുന്ന് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കോവിഡ് ലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരില്‍ നിന്നുള്ള സാമ്പിള്‍ ജനിതക ശ്രേണീകരണത്തിന് ആരോഗ്യ വകുപ്പ് ശേഖരിക്കുന്നുണ്ട്. സാമ്പിളുകളില്‍ നടത്തിയ തുടര്‍ പരിശോധനയിലാണ് എച്ച് 3 എന്‍ 2 സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. എല്ലാ ജില്ലയിലും പനി ബാധിതരുടെ എണ്ണം കൂടുന്നതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.

പനി ബാധിതര്‍ ജാഗ്രത പാലിക്കണമെന്നും സ്വയം ചികിത്സ നടത്തരുതെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. ഹോസ്റ്റലുകള്‍, ആളുകള്‍ കൂട്ടമായി താമസിക്കുന്ന ഇടങ്ങള്‍ എന്നിവിടങ്ങളിലാണ് പെട്ടെന്ന് രോഗം പകരുന്നത്. കുടിവെള്ളം കൃത്യമായി മൂടിവെക്കണം. മുറിക്കുള്ളില്‍ സൂക്ഷിച്ചിട്ടുള്ള ചെടിപ്പാത്രങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണം.

Back to top button
error: