CrimeNEWS

പീഡനക്കേസിൽ അപ്പനെ പ്രതിയാക്കി മകൻ രക്ഷപെട്ടു; കർണ്ണാടകയിൽ വിവാഹിതയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസൊതുക്കാൻ മുടക്കിയത് ലക്ഷങ്ങൾ, പുനരന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവർത്തകർ

ബംഗളൂരു: കർണ്ണാടക ഷിമോഗയിൽ വിവാഹിതയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവിനെ പ്രതിയാക്കി വാകത്താനം പുത്തൻചന്ത സ്വദേശി രക്ഷപെട്ടതായി പരാതി. വിവാഹ വാഗ്ദാനം നൽകി വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ നാൽപ്പതുകാരിയെയാണ് പ്രതി പീഡിപ്പിച്ചത്. ഇവർ പൊലീസിൽ പരാതി നൽകി കേസെടുത്തതോടെ പേരിലെ സാമ്യം മുതലെടുത്ത് പിതാവിനെ പ്രതിയാക്കി ഇയാൾ രക്ഷപ്പെടുകയായിരുന്നു. ഇപ്പോൾ സംഭവം പുറത്തറിഞ്ഞ് വീണ്ടും വിവാദമായതോടെ ലക്ഷങ്ങൾ നഷ്ടപരിഹാരമായി നൽകി അദാലത്തിൽ വച്ച് കേസ് ഒതുക്കുകയാണ് പീഡന വീരൻ ചെയ്തത്. സംഭവം വിവാദമായതോടെ കർണാടക മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഹൈക്കോടതിയിലും പരാതി നൽകാൻ ഒരുങ്ങുകയാണ് ഇതുമായി ബന്ധപ്പെട്ട പൊതുപ്രവർത്തകർ.

കർണ്ണാടക ഷിമോഗയിലാരുന്ന സമയത്താണ് ഇയാൾ വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ സ്ത്രീയുമായി അടുപ്പത്തിലാകുന്നത്. തുടർന്ന് സ്ത്രീക്ക് വിവാഹ വാഗ്ദാനം നൽകി ഉടുപ്പി, മംഗലാപുരം, ബംഗളൂരു എന്നിവിടങ്ങളിൽ അടക്കം വിവിധ സ്ഥലങ്ങളിൽ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. തുടർന്ന് മൂന്ന് മാസത്തോളം പ്രതിയും ഇരയായ സ്ത്രീയും സാഗറിൽ ഒരുമിച്ച് താമസിക്കുകയായിരുന്നു. പിന്നീടും പല സ്ഥലങ്ങളിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും അതിക്രമം നടത്തുകയും ചെയ്തു. ഇതറിഞ്ഞ പ്രതിയുടെ മാതാവ് താമസ സ്ഥലത്ത് എത്തുകയും പരാതിക്കാരിയായ ഇരയെ ബലമായി പുറത്താക്കുകയും ചെയ്തു. തുടർന്ന് പരാതിക്കാരിയായ സ്ത്രീ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തുടർന്ന് മലയാളി സമാജവും സന്നദ്ധ സംഘടനകളുമാണ് സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും പൊലീസിനെ സമീപിച്ചതും.

ഈ വിഷയത്തിൽ കേസെടുത്ത പൊലീസ്, അന്വേഷണത്തിനായി എത്തിയപ്പോൾ പിതാവിനെ പ്രതിയാക്കി വാകത്താനം സ്വദേശി രക്ഷപ്പെടുകയായിരുന്നു. ഇതിനായി പൊലീസുകാർക്കും കൈക്കൂലി നൽകിയിരുന്നതായും പരാതി ഉണ്ട്. ഇതിന് ശേഷം ബാംഗ്ലൂരിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ സ്ത്രീ ഇദ്ദേഹത്തിനെതിരെ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അന്വേഷണം നടത്തിയിരുന്നു. കേരളത്തിലെ പ്രമുഖ മാധ്യമ സ്ഥാപനത്തിലെ ജീവനക്കാരനായ പുതുപ്പള്ളി സ്വദേശിയും, ചാരിറ്റി പ്രവർത്തനങ്ങളുടെ പേരിൽ തട്ടിപ്പ് നടത്തി വിവാദങ്ങളിൽ കുടുങ്ങിയ വ്യക്തിയും, വാകത്താനം സ്വദേശിയായ പ്രതിയുടെ യുകെയിലുള്ള ബന്ധുവും ചേർന്നാണ് കേസ് ഒതുക്കാൻ ശ്രമം നടത്തിയതെന്നാണ് ആരോപണം.

പിതാവിനെ കേസിൽ കുടുക്കിയ സംഭവം പുറത്ത് വരികയും വിവാദമാകുകയും ചെയ്തതോടെ പൊതുപ്രവർത്തകർ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. കേസ് അട്ടിമറിക്കാൻ നടത്തിയ ശ്രമങ്ങൾ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഹൈക്കോടതിയിലും പരാതി നൽകാൻ ഒരുങ്ങുകയാണ് പൊതുപ്രവർത്തകർ. ഈ പരാതി സജീവമാക്കിയെടുത്ത് വാകത്താനം സ്വദേശിയെ അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കണം എന്നാണ് ഇവരുടെ ആവശ്യം. കേസ് ഒതുക്കാൻ പോലീസ് നടത്തിയ അന്യായമായ ഇടപെടലുകളും ഇതിനായി പ്രവർത്തിച്ച ആളുകളെയും കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്നാവശ്യപ്പെട്ടാണ് പൊതുപ്രവർത്തകർ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്ക് പരാതി നൽകുന്നത്.

Back to top button
error: