അഴിമതിയുടെ വേതാളങ്ങൾ ആർ.ടി ഓഫീസുകൾ അടക്കി വാഴുന്നു. കോട്ടയത്ത് കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയ നാല് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.
പൊന്‍കുന്നത്ത് പ്രവർത്തിക്കുന്ന കാഞ്ഞിരപ്പള്ളി സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടർ എസ്.അരവിന്ദ്, (നിലവില്‍ അടൂര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍), അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടർ പി.എസ്.ശ്രീജിത്ത് (നിലവില്‍ ഇടുക്കി എന്‍ഫോഴ്സ്മെന്റ് ആര്‍.ടി ഓഫീസ്), സീനിയര്‍ ക്ലാര്‍ക്ക് ടിജോ ഫ്രാന്‍സിസ് (നിലവില്‍ പാലാ ജോയിന്റ് ആര്‍.ടി ഓഫീസ് സീനിയര്‍ ക്ലാര്‍ക്ക്), സീനിയര്‍ ക്ലാര്‍ക്ക് ടി.എം.സുല്‍ഫത്ത്,(നിലവില്‍ പൊന്‍കുന്നം ആര്‍.ടി ഓഫീസ്) എന്നിവരെയാണ് ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ സസ്‌പെന്‍ഡ് ചെയ്തത്.
എസ്.അരവിന്ദ് 2019 ജൂലായ് മുതല്‍ 2021 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും ഏജന്റുമാര്‍ മുഖേന കൈക്കൂലി വാങ്ങിയെന്നും കണ്ടെത്തിയിരുന്നു.
വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ പി.എസ് ശ്രീജിത്തിന്റെ കൈയില്‍നിന്ന് ഏജന്റുമാര്‍ നല്‍കിയ 6850 രൂപ പിടിച്ചെടുത്തിരുന്നു. ശ്രീജിത്ത് ടെസ്റ്റ് ചെയ്യുന്ന ഓരോ വാഹനത്തിനും 500 രൂപ വീതം കൈക്കൂലി വാങ്ങുന്നതായി സമദ് എന്ന ഏജന്റ് മൊഴി നല്‍കി.
മറ്റൊരു ഏജന്റ് നിയാസില്‍നിന്ന് ഇവര്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ ലഭിച്ചു. സീനിയര്‍ ക്ലാര്‍ക്ക് ടിജോ ഫ്രാന്‍സിസ് ഏജന്റുമാര്‍ മുഖേനയാണ് കൈക്കൂലി വാങ്ങിയിരുന്നത്. അപേക്ഷകര്‍ക്ക് സേവനം നല്‍കുന്നതില്‍ വീഴ്ച വരുത്തിയിരുന്നതായും കണ്ടെത്തി.
2020 സെപ്റ്റംബര്‍ മുതല്‍ ഇവിടെ സീനിയര്‍ ക്ലാര്‍ക്കായ ടി.എം സുല്‍ഫിത്തിന്റെ പേരെഴുതി, പേപ്പറില്‍ പൊതിഞ്ഞ 1500 രൂപ ഏജന്റിന്റെ പക്കല്‍നിന്ന് കണ്ടെടുത്തിരുന്നു. ഇവര്‍ കൈക്കൂലി വാങ്ങുന്നതായി വിജിലന്‍സ് കണ്ടെത്തി.
ഇക്കാര്യങ്ങള്‍ കാട്ടി വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടിന്മേലാണ് സര്‍ക്കാര്‍ നടപടി. 2021 സെപ്റ്റംബറില്‍ പൊന്‍കുന്നത്തെ ആര്‍.ടി. ഓഫീസിലും പാലാ-പൊന്‍കുന്നം റോഡിലെ പഴയ ആര്‍.ടി.ഓഫീസിന് സമീപവുമാണ് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്.