ഉറൂബ്-പി ഭാസ്‌ക്കരൻ ടീം ഒരുക്കിയ ‘കുരുക്ഷേത്രം’ റിലീസ് ചെയ്തിട്ട് ഇന്ന് 53 വർഷം
സിനിമ ഓർമ്മ
ഉറൂബ്-പി ഭാസ്‌ക്കരൻ കൂട്ടുകെട്ടിൽ പിറന്ന ‘കുരുക്ഷേത്രം’ എത്തിയിട്ട് 53 വർഷമായി. 1970 മാർച്ച് 6 നാണ് സത്യൻ, ഷീല, പിജെ ആന്റണി എന്നിവർ മുഖ്യവേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രത്തിന്റെ റിലീസ്. ഇതേ വർഷം പി ഭാസ്‌ക്കരൻ സംവിധാനം ചെയ്‌ത 5 ചിത്രങ്ങളാണ് പുറത്ത് വന്നത്. തുറക്കാത്ത വാതിൽ, അമ്പലപ്രാവ്, സ്ത്രീ, കാക്കത്തമ്പുരാട്ടി എന്നിവയാണ് മറ്റ് നാല് ചിത്രങ്ങൾ. ഉറൂബിന്റെ ‘നീലക്കുയിൽ’ അടക്കം 5 കഥകൾ സിനിമയാക്കിയിട്ടുണ്ട് പി ഭാസ്‌ക്കരൻ. ‘കുരുക്ഷേത്ര’ത്തിലെ ഗാനങ്ങളും സംവിധായകന്റെയായിരുന്നു. സംഗീതം കെ രാഘവൻ. ജയചന്ദ്രൻ പാടിയ ‘പൂർണ്ണേന്ദു മുഖിയോടമ്പലത്തിൽ വച്ച്’, ജാനകിയുടെ ‘തിരുവേഗപ്പുറയുള്ള’ അതിപ്രശസ്‌തമായി.
സമ്പന്നനായ മൂപ്പിൽ നായർക്ക് അടുക്കളക്കാരി മാധവിയിലുണ്ടായ മകനാണ് രാമു. മൂപ്പിൽ നായർ ആ അവിഹിത സന്തതിയെ അംഗീകരിച്ചില്ല. പഠിക്കാൻ മിടുക്കനായിരുന്ന രാമു സ്‌കൂൾ മാനേജരുടെ സഹായത്താൽ ഇംഗ്ലണ്ടിൽ പോയി പഠിച്ച് ഡോക്ടറായി തിരികെ വന്നപ്പോൾ സമൂഹം അയാളെ ബഹുമാനിച്ചു തുടങ്ങി. മൂപ്പിൽ നായർ എന്ന പിതാവിന്റെ ഗതി അതിനോടകം പരിതാപകരമായി കഴിഞ്ഞിരുന്നു. സ്വസഹോദരനുമായുള്ള വക്കാണത്തിൽ മൂപ്പിൽ നായർ വഴിയാധാരമായി. അയാളുടെ രക്ഷയ്ക്ക് രാമു എന്ന അവിഹിത സന്തതി മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ധനികനായ ചെറുണ്ണി മകളെ വിവാഹം കഴിച്ചു തരാം എന്ന വാഗ്‌ദാനവുമായി വന്നപ്പോൾ രാമു അത് നിരസിച്ചു. ധനം ജീവിതത്തിലെ പ്രധാന മുൻഗണനയാവുമ്പോഴുണ്ടാവുന്ന അപകടങ്ങൾ അയാൾ ആവശ്യത്തിലധികം കണ്ടിരുന്നുവല്ലോ. എല്ലാവരെയും, സ്വന്തം അമ്മയെപ്പോലും, അമ്പരപ്പിച്ച് രാമു വേലക്കാരിയായ ലക്ഷ്‌മിയെ ആണ് വിവാഹം ചെയ്‌തത്.
പി ഭാസ്‌കരന്റെ തന്നെ ‘അപരാധിനി’ എന്ന ചിത്രം നിർമ്മിച്ച ബിഎസ് രംഗയാണ് ഇ ചിത്രവും നിർമ്മിച്ചത്.
സമ്പാദകൻ: സുനിൽ കെ ചെറിയാൻ