LocalNEWS

പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ, കുപ്രസിദ്ധ മോഷ്ടാവ് ജ്വലറിയില്‍ കവര്‍ച്ച നടത്താനുള്ള ശ്രമത്തിനിടയിൽ കുടുങ്ങി

   തളിപ്പറമ്പ്:  പരിയാരത്ത് ജ്വലറിയില്‍ കവര്‍ച്ച നടത്താന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് പിടിയിലായതായി. കുപ്രസിദ്ധ മോഷ്ടാവായ കാസര്‍കോട് വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹരീഷ്‌കുമാറിനെ (49) യാണ് പരിയാരം പൊലീസ് പിടികൂടിയത്. സംഘത്തില്‍ ഉണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം.

പിലാത്തറ ലാസ്യ കോളജിന് സമീപത്തെ ഐശ്വര്യ ജ്വലറിയുടെ മുറിയുടെ ഷട്ടറാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. പരിയാരം പൊലീസിനെ വിവരമറിയിച്ചത് പ്രകാരം പ്രിന്‍സിപ്പല്‍ എസ്‌.ഐ, പി.സി സഞ്ജയ്കുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘം മോഷ്ടാവിനെ കസ്റ്റഡിയിലെടുത്തു. പൊലീസ് പിലാത്തറയിലും പരിസരങ്ങളിലും വ്യാപകമായ പരിശോധന നടത്തിയെങ്കിലും ഓടിരക്ഷപ്പെട്ട രണ്ടുപേരെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

പിലാത്തറയിലും പരിയാരം സ്റ്റേഷന്‍ പരിധിയിലെ മറ്റ് സ്ഥലങ്ങളിലും നടന്ന മോഷണത്തിന് പിന്നില്‍ ഹരീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന് സംശയിക്കുന്നുണ്ട്. ഏതോ ക്ഷേത്രത്തില്‍ നിന്ന് ഭണ്ഡാരം കവര്‍ച്ച ചെയ്ത് എടുത്ത ചില്ലറ നാണയങ്ങളും നോട്ടുകളും പിടിച്ചെടുത്തു. മോഷണക്കേസുകളില്‍ പ്രതിയായി നിരവധി തവണ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പൊലീസ് ചോദ്യം ചെയ്തതിന് ശേഷം പ്രതിയെ തളിപറമ്പ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Back to top button
error: