നിത്യജീവിതത്തിൽ നാം നേരിടുന്ന പല ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ഇവയിൽ പലതും മിക്കവരും നിസാരമായി തള്ളിക്കളയാറാണ് പതിവ്. എന്നാൽ നേരിടുന്ന എല്ലാ ആരോഗ്യപ്രശ്നങ്ങളും ഇത്തരത്തിൽ അശ്രദ്ധമായി കൈകാര്യം ചെയ്യരുത്. ഇത് പിന്നീട് കൂടുതൽ സങ്കീർണതകളിലേക്ക് നയിക്കാം. കാരണം പല ആരോഗ്യപ്രശ്നങ്ങളും വിവിധ അസുഖങ്ങളുടെ ലക്ഷണമോ, അസുഖങ്ങളിലേക്കുള്ള സൂചനകളോ ആകാം.
ഇങ്ങനെ ടൈപ്പ്- 2 പ്രമേഹമെത്തും മുമ്പേ കാണപ്പെടാവുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ടൈപ്പ്- 2 പ്രമേഹത്തിന് മുമ്പ് തന്നെ ഇത് സൂചിപ്പിക്കുന്ന പ്രയാസങ്ങൾ വ്യക്തികളിൽ വരാം. എന്നാലിത് പെട്ടെന്ന് മനസിലാകണമെന്നോ, ഇതിലൂടെ പ്രമേഹം തൊട്ടരികിലെത്തിയെന്ന് തിരിച്ചറിയണമെന്നോ ഇല്ല. എന്തായാലും ഈ ഘട്ടത്തിൽ കണ്ടേക്കാവുന്ന ലക്ഷണങ്ങളെ കുറിച്ചറിയാം.
- തൊലിപ്പുറത്ത് നിറവ്യത്യാസവും പാടുകളും പ്രത്യക്ഷപ്പെടുന്നതാണ് ഒരു ലക്ഷണം. തൊലി കട്ടിയായി രൂപപ്പെടുകയും ഇവിടെ നിറവ്യത്യാസവും കാണുന്നതും ശ്രദ്ധിക്കണം. മുട്ടുകളിലോ കഴുത്തിലോ കക്ഷത്തിലോ സന്ധികളിലോ ആണ് സാധാരണയായി ഈ ലക്ഷണം കാണപ്പെടുക. ഇത് ഇൻസുലിൻ ഹോർമോൺ സംബന്ധമായ പ്രശ്നത്തെയാണ് സൂചിപ്പിക്കുന്നത്. ഇൻസുലിൻ ഹോർമോൺ ഉത്പാദനം കുറയുകയോ ഇൻസുലിൻ ഹോർമോണിനോട് ഫലപ്രദമായി പ്രതികരിക്കാൻ ശരീരത്തിന് സാധിക്കാതിരിക്കുകയോ ചെയ്യുന്ന അവസ്ഥയാണ് ടൈപ്പ്-2 പ്രമേഹം.
- അമിതമായ ദാഹവും ഇടവിട്ട് മൂത്രമൊഴിക്കുന്നതുമാണ് മറ്റൊരു ലക്ഷണം. രക്തത്തിൽ ഗ്ലൂക്കോസ് പതിയെ കൂടിവരുന്നത് മൂലം ഇത് മൂത്രത്തിലൂടെ പുറന്തള്ളാൻ വൃക്ക ശ്രമിക്കുന്നതോടെയാണ് ദാഹം കൂടുന്നത്.
- പ്രമേഹത്തിന്റെ സൂചനായി കാഴ്ചാസംബന്ധമായ പ്രശ്നങ്ങളും നേരിടാം. കാഴ്ച മങ്ങുന്നതാണ് ഇതിൻറെ പ്രധാന ലക്ഷണം. മിക്കവാറും കേസുകളിലും പക്ഷേ പ്രമേഹത്തിന്റെ തുടക്കത്തിൽ കാഴ്ചാപ്രശ്നങ്ങൾ നേരിടണമെന്നില്ല. എങ്കിലും ഈ ലക്ഷണവും ശ്രദ്ധിക്കേണ്ടത് തന്നെ.
- നല്ലതോതിലുള്ള ക്ഷീണവും തളർച്ചയും അനുഭവപ്പെടുന്നതും ഒരുപക്ഷേ പ്രമേഹം അരികിലെത്തിയെന്നതിൻറെ സൂചനയാകാം. ക്ഷീണവും തളർച്ചയും പക്ഷേ എല്ലായ്പ്പോഴും പ്രമേഹത്തിൻറെ ലക്ഷണമാകണം എന്നില്ല. ഇക്കാര്യവും ഓർക്കുക.
നാൽപത്തിയഞ്ച് വയസ് കടന്നവരാണ് സാധാരണനിലയിൽ ഈ ലക്ഷണങ്ങൾ ശ്രദ്ധിച്ച് പ്രമേഹപരിശോധന നടത്തേണ്ടത്. ചെറുപ്പക്കാർ ഇത്തരം പ്രശ്നങ്ങൾ നിസാരമായി കാണരുത് എന്നല്ല, മറിച്ച് കൂടുതൽ കേസുകളും വരാൻ സാധ്യതയുള്ളത് നാൽപത്തിയഞ്ചിന് ശേഷമാണ് എന്നതിനാലാണ് ഇക്കാര്യം പ്രത്യേകം സൂചിപ്പിക്കുന്നത്.