BusinessTRENDING

പോസ്റ്റ് ഓഫീസ് സ്‌കീമുകളേക്കാൾ ഉയർന്ന പലിശ! ഹ്രസ്വകാലം, അതിഗംഭീര സ്ഥിരനിക്ഷേപ പദ്ധതി; അറിയാം എസ്ബിഐ സർവോത്തം സ്‌കീമിനക്കുറിച്ച്

സ്ഥിരനിക്ഷേപപദ്ധതികൾ തെരഞ്ഞെടുക്കുമ്പോൾ പലിശനിരക്കില വർധനവ് മിക്കവർക്കും ആദ്യ പരിഗണനയായിത്തന്നെയുണ്ടാകും. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്കുകൾ വർധിപ്പിച്ചതിന് പിന്നാലെ, വിവിധ ബാങ്കുകൾ സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയർത്തിയിട്ടുണ്ട്. 2 വർഷകാലയളവിൽ ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്ന എസ്ബിഐയുടെ സർവ്വോത്തം നിക്ഷേപപദ്ധതിയെക്കുറിച്ച് വിശദമായി അറിയാം.

സർവോത്തം നിക്ഷേപപദ്ധതി

നിക്ഷേപ കാലാവധിക്ക് മുൻപ് പണം പിൻവലിക്കാൻ കഴിയാത്ത ഒരു നോൺ കോളബിൾ സ്ഥിര നിക്ഷേപമാണിത്. ഉയർന്ന പലിശനിരക്കാണ് ഈ സ്ഥിരനിക്ഷേപപദ്ധതിയെ ആകർഷകമാക്കുന്നത്. കേന്ദ്രസർക്കാരിന്റെ പോസ്റ്റ് ഓഫീസ് സ്‌കീമുകളേക്കാൾ ഉയർന്ന പലിശനിരക്കാണ് സർവോത്തം പദ്ധതിക്ക് എസ്ബിഐ വാഗ്ദാനം ചെയ്യുന്നത്.

ഫെബ്രുവരി 17 ന് പുതുക്കിയ പലിശ നിരക്ക് പ്രകാരം ഈ പദ്ധതിയിലെ നിക്ഷേപത്തിന് മുതിർന്ന പൗരൻമാർക്ക് 7.90 ശതമാനം പലിശ ലഭിക്കും. രണ്ട് വർഷത്തേക്കുള്ള നിരക്കാണിത്. സാധാരണ നിക്ഷേപകർക്ക് 7.4 ശതമാനമാണ് പലിശനിരക്ക്. മാത്രമല്ല ഒരു വർഷത്തെ നിക്ഷേപങ്ങൾക്ക് സാധാരണ നിക്ഷേപകർക്ക് 7.1 ശതമാനവും, മുതിർന്ന പൗരൻമാർക്ക് 7.60 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്.

മുതിർന്ന പൗരൻമാർ സർവോത്തം നിക്ഷേപ പദ്ധതിയിൽ ഒരു വർഷത്തേയ്ക്ക് 15 ലക്ഷം മുതൽ 2 കോടി രൂപ വരെ നിക്ഷേപിച്ചാൽ 7.82 ശതമാനം പലിശ ലഭിക്കും. രണ്ടു വർഷത്തേയ്ക്ക് 8.14 ശതമാനം പലിശ കിട്ടും. 2 കോടി മുതൽ 5 കോടി രൂപ വരെയുള്ള ബൾക്ക് ഡെപ്പോസിറ്റുകളിൽ, മുതിർന്ന പൗരന്മാർക്ക് ഒരു വർഷത്തേക്ക് 7.77 ശതമാനവും 2 വർഷത്തേക്ക് 7.61 ശതമാനവും പലിശ ലഭിക്കും. 15 ലക്ഷം മുതൽ 2 കോടിവരെയുള്ള നിക്ഷേപങ്ങളും, 2 കോടി മുതൽ 5 കോടിവരെയുള്ള നിക്ഷേപങ്ങളാണ് സർവോത്തം പദ്ധതിയിൽ വരുന്നത്. ഫെബ്രുവരി 17 മുതലാണ് ഈ സ്‌കീമിന്റെ പലിശനിരക്കുകൾ പ്രാബല്യത്തിൽ വന്നത്.

2 കോടിക്ക് താഴയുള്‌ള സ്ഥിരനിക്ഷേപങ്ങളുടെ പലിശയും എസ്ബിഐ വർധിപ്പിച്ചത് അടുത്തിടെയാണ്. 2-3 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 7 ശതമാനവും, 3-10 വർഷത്തേക്കുള്ള നിക്ഷേപങ്ങൾക്ക് 6.50 ശതമാനവും പലിശയുണ്ട്. 5 വർഷം മുതൽ 10 വർഷത്തേക്കും മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനം പലിശ നൽകും.

Back to top button
error: