KeralaNEWS

കണ്ണൂരിലെ പോക്സോ കേസ് ഇരയുടെ അഭിമുഖം വ്യാജമല്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ്

 

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗുരുതരമായ ആരോപണങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസിനെതിരെ സൈബർ ഇടങ്ങളിൽ നടക്കുന്നത്. സമൂഹത്തിന് ഏറ്റവും വിപത്തായ ലഹരിയെ പറ്റി നടത്തിയ ഒരു പരമ്പരയ്ക്ക് പിന്നാലെയാണ് വ്യാജ വാർത്ത ആരോപണമുയർന്നത്. ‘നര്‍കോട്ടിക്സ് ഈസ് എ ഡേട്ടി ബിസിനസ്’ എന്ന പേരില്‍ ഏഷ്യാനെറ്റ് ന്യൂസ് കണ്ണൂര്‍ ലേഖകന്‍ നൗഫല്‍ ബിന്‍ യൂസഫ് നടത്തിയ റോവിങ് റിപ്പോര്‍ട്ടാണ് സിപിഎമ്മിന്റെ എല്ലാ ആരോപണങ്ങള്‍ക്കും ആധാരം. എം.ബി. രാജേഷ് അടക്കമുള്ള മന്ത്രിമാര്‍ അന്ന് ആ റിപ്പോർട്ടിനെ പ്രശംസിച്ചിരുന്നു. എന്നാൽ 14 വയസുകാരിയെ ലഹരി നൽകി സഹപാഠി പീഡിപ്പിച്ചു എന്ന വാർത്ത ഏഷ്യാനെറ്റ് കെട്ടിച്ചമച്ചതെന്നാണ് ഇപ്പോളുയരുന്ന ആരോപണങ്ങൾ. ഇതിന് പിന്നാലെ പി.വി. അൻവർ എംഎൽഎ ഈ സംഭവം നിയമസഭയിൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിലും പെടുത്തിയിരുന്നു.

ഇത്തരം ഒരു സംഭവം നടന്നെന്നും ഏഷ്യാനെറ്റ് നൽകിയത് വ്യാജ വാർത്തയാണെന്ന രീതിയിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു.

ഇതിന് പിന്നാലെ എല്ലാ ആരോപണങ്ങളും തള്ളുകയാണ് ഏഷ്യാനെറ്റ് ന്യൂസ്. അന്ന് അഭിമുഖം നൽകിയ പെൺകുട്ടിയുടെ അച്ഛന്റെ പ്രതികരണം ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു.തന്റെ മകളെ സഹപാഠി ലഹരി നല്‍കി പീഡിപ്പിച്ചെന്നും നൗഫല്‍ അഭിമുഖം നടത്തിയത് തന്റെ മകളെ തന്നെയാണെന്നും അച്ഛന്‍ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട് . പൊലീസിന്റെ ഭാഗത്ത് നിന്നു വ്യക്തമായ അന്വേഷണം ഇല്ലാതായതോടെയാണ് മാധ്യമങ്ങളുടെ മുന്നിലെത്തിയതെന്നും ഇരയുടെ പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഉത്തരത്തിന് പിന്നാലെ സിപിഎം സൈബർ സഖാക്കൾ വീണ്ടും ആക്രമണം തുടരുകയാണെന്ന് ഏഷ്യാനെറ്റ്‌ ചൂണ്ടിക്കാട്ടി . നേരോടെ നിർഭയമായി മുന്നോട്ട് പോകാനാണ് ഏഷ്യനെറ്റിന്റെ തീരുമാനം എന്ന് ചാനലിന്റെ പ്രതികരണത്തിൽ നിന്നും വ്യക്തമാകുന്നു .

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: