KeralaNEWS

വേനല്‍ കനക്കുന്നു; മഴ കിട്ടിയില്ലെങ്കില്‍ ജലക്ഷാമം രൂക്ഷമാകും, മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനത്തതോടെ ജലക്ഷാമം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ് നല്‍കി സിഡബ്ല്യുആര്‍ഡിഎമ്മിലെ ശാസ്ത്രജ്ഞര്‍. വരും ദിവസങ്ങളില്‍ മഴ കിട്ടിയില്ലെങ്കില്‍ അന്തരീക്ഷ ബാഷ്പീകരണം കൂടുകയും ജല സ്രോതസ്സുകളിലെ ജലനിരപ്പ് വലിയ തോതില്‍ കുറയുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്.

പല ജില്ലകളിലും ഭൂഗര്‍ഭ ജലത്തിന്റെ അളവും കുറഞ്ഞിട്ടുണ്ട്. കാസര്‍ഗോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ ഭൂഗര്‍ഭ ജലനിരപ്പ് ഏറെ താഴ്ന്ന നിലയിലാണ്. ഈ പ്രദേശങ്ങള്‍ ക്രിട്ടക്കല്‍ മേഖലയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജല വിനിയോഗത്തില്‍ കടുത്ത നിയന്ത്രണം വേണ്ടി വരുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

അന്തരീക്ഷ താപനിലയുടെ കഴിഞ്ഞ ഒരു മാസത്തെ കണക്കെടുത്താല്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഉയര്‍ന്ന നിലയിലാണ്. ഒരു വര്‍ഷം കിട്ടേണ്ട മഴയുടെ അളവില്‍ മാറ്റമുണ്ടായിട്ടില്ലെങ്കിലും മഴ കിട്ടുന്ന കാലയളവ് കാലാവസ്ഥാ വ്യതിയാനം മൂലം കുറഞ്ഞതാണ് പ്രതിസന്ധിയായത്. പാലക്കാട് ജില്ലയില്‍ രാത്രി കാലത്തെ താപനിലയില്‍ 2.9 ഡിഗ്രിയുടെ വര്‍ധനവുണ്ടായിട്ടുണ്ട്. കൊച്ചി, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ മാത്രമാണ് ചൂട് കഴിഞ്ഞ തവണത്തേക്കാള്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. വേനല്‍മഴ കാര്യമായി കിട്ടിയാല്‍ പ്രശ്‌നങ്ങളുണ്ടാവില്ലെന്നാണ് പ്രതീക്ഷ.

പകല്‍ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനം. രാവിലെ 7 മുതല്‍ വൈകുന്നേരം 7 മണി വരെയുള്ള സമയത്തില്‍ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി. ഏപ്രില്‍ 30വരെയാണ് ഈ രീതിയില്‍ തുടരാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഷിഫ്റ്റുകള്‍ ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന തരത്തിലും പുനഃക്രമീകരണമെന്ന് ലേബര്‍ കമ്മിഷണര്‍ അറിയിച്ചു.

 

Back to top button
error: