ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ചാവക്കാട് സ്വദേശിക്ക് ജോർദാൻ രാജകുടുംബത്തിൽനിന്ന് വധു. ചാവക്കാട് തിരുവത്ര തെരുവത്ത് ചാലിൽ ഹംസഹാജിയുടെ മകൻ മുഹമ്മദ് റൗഫും ജോർദാൻ സ്വദേശി ഹല ഇസാം അൽ റൗസനുമാണ് രാജ്യാതിർത്തികൾ ലംഘിച്ച പ്രണയകഥയിലെ നായികനായകന്മാർ. ദുബായിലെ ‘ബോഡി ഡിസെെൻ ‘ എന്ന ശരീര സൗന്ദര്യ വർധക സ്ഥാപനം നടത്തുകയാണ് റൗഫ്. ജോർദാനിലെ ‘ദർഖ അൽയൗം’ എന്ന ടെലിവിഷൻ ചാനലിലെ അവതാരകയാണ് ഹല. നവമാധ്യമ പ്രണയം ഗൗരവമായതോടെ ഇരുവരും ഒന്നിക്കാൻ തീരുമാനിക്കുകയായിരുന്നു.
2022 ഒക്ടോബറിൽ റൗഫ് ജോർദാനിലെത്തി ഹലയെ കണ്ടു. തുടർന്ന് റൗഫ് ബാപ്പ ഹംസ ഹാജിയുമായി വിവാഹക്കാര്യം സംസാരിച്ചു. ആദ്യം ഹംസഹാജി വിസമ്മതിച്ചെങ്കിലും ഒടുവിൽ മകന്റെ താൽപ്പര്യത്തിന് വഴങ്ങി.
ജോർദാനിൽപോയി ഹലയുടെ കുടുംബത്തിന്റെ സമ്മതം വാങ്ങലായിരുന്നു വലിയ കടമ്പ. ജോർദാനിലെ ഹുസെെൻ രാജാവിന്റെ കുടുംബത്തിലെ അടുത്ത ബന്ധുക്കളാണ് ഹലയുടെ കുടുംബം. ബാപ്പ അഭിഭാഷകനും ജോർദാനിലെ പ്രമുഖ രാഷ്ട്രീയപ്രസ്ഥാനത്തിലെ നേതൃസ്ഥാനത്തുള്ളയാളുമാണ്. തദ്ദേശീയർ മാത്രം താമസിക്കുന്ന സർക്ക എന്ന നഗരത്തിലാണ് ഹലയുടെ വീട്. ജോർദാനികളും പലസ്തീൻ അഭയാർഥികളായ അറബികളും തമ്മിൽ സാമൂഹ്യവിഭജനമുണ്ട്. സർക്ക നഗരത്തിൽ തദ്ദേശീയമായ വലിയ സമ്പന്ന അറബ് കുടുംബത്തിൽ ചെന്ന് ഇന്ത്യക്കാരൻ പെണ്ണ് ചോദിച്ചത് അവരുടെ കുടുംബത്തിൽ ഞെട്ടലുണ്ടാക്കി. ആദ്യം വീട്ടുകാർ എതിർത്തു. ഹലയുടെ ശാഠ്യവും റൗഫിന്റെ സ്‌നേഹാർദ്രമായ ഇടപെടലിനുമൊടുവിൽ സമ്മതം നൽകാൻ നിർബന്ധിതരായി.
2023 ജനുവരി 21നായിരുന്നു വിവാഹം.
ചാവക്കാട്ടുനിന്ന് റൗഫിന്റെ ബാപ്പ ഉൾപ്പെടെ മുപ്പതോളംപേർ ജോർദാനിൽ പോയി. ഹലയുടെ അടുത്ത ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തു. നവദമ്പതികൾ കഴിഞ്ഞ ദിവസം ചാവക്കാട്ടെത്തിയപ്പോഴാണ് കാര്യം നാടറിഞ്ഞത്. രണ്ടാഴ്ച കഴിഞ്ഞ് ഇരുവരും ദുബായിലേക്ക് പോകും.