CrimeNEWS

മദ്യലഹരിയില്‍ നടുറോഡില്‍ ഇന്നോവയിട്ട് സ്‌കൂള്‍ മാനേജരുടെ അഴിഞ്ഞാട്ടം; ഗതാഗതം മുടങ്ങിയത് ഒരു മണിക്കൂറിലേറെ

കണ്ണൂര്‍: മദ്യ ലഹരിയില്‍ നടുറോഡില്‍ ഇന്നോവ വിലങ്ങനെ നിര്‍ത്തിയിട്ട് സ്‌കൂള്‍ മാനേജരുടെ അഴിഞ്ഞാട്ടം. റോഡിലെ വാഹന ഗതാഗതം തടയുകയും മണിക്കൂറുകളോളം മറ്റു യാത്രക്കാരുമായി വാക്കേറ്റമുണ്ടാക്കുകയും ചെയ്ത സ്‌കൂള്‍ മാനേജരെ എടക്കാട് പോലീസെത്തിയാണ് ബലം പ്രയോഗിച്ചു മാറ്റിയത്. കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെയാണ് കടമ്പൂര്‍ സ്‌കൂള്‍ മാനേജര്‍ പുത്തലത്ത് മുരളിധരനെയാണ് (53) പോലീസ് പൊതുശല്യമുണ്ടാക്കുന്ന വിധത്തില്‍ അഴിഞ്ഞാടിയതിന് അറസ്റ്റു ചെയ്തത്.

എടക്കാട് ടൗണില്‍ നിന്നും കടമ്പൂരിലേക്കുള്ള റോഡിലായിരുന്നു സംഭവം. വീതി വളരെ കുറവായ റോഡിലൂടെ കടന്നുപോകുമ്പോള്‍ എതിരെ വന്ന വാഹന യാത്രക്കാരുമായി ഇയാള്‍ കൊമ്പുകോര്‍ക്കുകയും നടുറോഡില്‍ വാഹനം കുറുകെ നിര്‍ത്തി ബഹളമുണ്ടാക്കുകയുമായിരുന്നു. ഇതുകാരണം ഒരു മണിക്കൂറോളം ഈ റൂട്ടില്‍ ഗതാഗതം മുടങ്ങി. എടക്കാട് പോലീസെത്തിയാണ് ഈയാളെയും ഏറ്റുമുട്ടിയ യുവാക്കളെയും പിടിച്ചു മാറ്റിയത്. പോലീസ് സ്‌കൂള്‍ മാനേജരെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിനാണ് ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്.

അധ്യാപകരെ പിരിച്ചു വിടുന്നതിലും ദ്രോഹിക്കുന്ന കാര്യത്തിലും കുപ്രസിദ്ധി നേടിയ മാനേജരാണ് മുരളീധരന്‍ എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വ്യാജ പരാതി ചമച്ച് സ്‌കൂള്‍ ഹെഡ് മാസ്റ്ററെയടക്കം ഇയാള്‍ പിരിച്ചുവിട്ടതായി ആരോപണമുണ്ടായിരുന്നു. മദ്യപിച്ചാല്‍ വയലന്റാകുന്ന ഇയാള്‍ നേരത്തെയും നിരവധി പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു. ഉന്നത രാഷ്ട്രീയ ബന്ധം കാരണം ഇയാള്‍ക്കെതിരേ പോലീസ് നടപടിയെടുക്കാറില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഒരു മാസം മുന്‍പ് കുടുംബ വഴക്കിനെ തുടര്‍ന്ന് അടുത്ത ബന്ധുവിന്റെ തലയടിച്ചു പൊളിച്ചിരുന്നു. എന്നാല്‍, ഈ പ്രശ്‌നം പിന്നീട് ഒത്തുതീര്‍പ്പാക്കുകയായിരുന്നു.

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: