IndiaNEWS

ത​ന്റെ പ്രിയപ്പെട്ട ബിയർ ബ്രാൻഡ് നഗരത്തിൽ എവിടെയും കിട്ടാനില്ല, ജില്ലാ കളക്ടർക്ക് രേഖാമൂലം പരാതിയുമായി യുവാവ്!

ത​ന്റെ പ്രിയപ്പെട്ട ബിയർ നഗരത്തിൽ എവിടെയും കിട്ടാത്തതിനെ തുടർന്ന് ജില്ലാ കളക്ടർക്ക് രേഖാമൂലം പരാതി നൽകിയിരിക്കുകയാണ് തെലങ്കാന സ്വദേശിയായ യുവാവ്. തെലങ്കാനയിലെ ജഗ്തിയാൽ ജില്ലാ ആസ്ഥാനത്താണ് കൗതുകകരമായ ഈ സംഭവം നടന്നത്. ബീരം രാജേഷ് എന്നയാളാണ് ത​ന്റെ പ്രിയപ്പെട്ട ബിയർ ബ്രാൻഡ് നഗരത്തിൽ എവിടെയും കിട്ടാനില്ല എന്ന പരാതിയുമായി ജില്ലാ കലക്ടറെ സമീപിച്ചത്. ജില്ലയിലെ ജനങ്ങളുടെ പ്രശ്നപരിഹാരത്തിനായി കളക്ടർ സംഘടിപ്പിച്ച പ്രജാവാണി എന്ന പരിപാടിയിലാണ് ത​ന്റെ പരാതിയുമായി ബീരം രാജേഷ് എത്തിയത്.

നഗരത്തിൽ എവിടെയും ഈ ബിയർ കിട്ടാനില്ലാത്തത് ഒരു വലിയ സാമൂഹിക പ്രശ്നം ആണെന്നാണ് ഇയാളുടെ വാദം. കാരണം വിലകുറഞ്ഞ ബിയറുകൾ ആളുകൾ വാങ്ങി കുടിക്കാൻ നിർബന്ധിതരാകുമ്പോൾ അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ് ഇയാൾ പറയുന്നത്. പ്രജാവാണി പരിപാടിയിൽ കളക്ടർക്കും ഉദ്യോഗസ്ഥർക്കും മുൻപിൽ പരാതി പറയാൻ എത്തിയ ബീരം രാജേഷ് രേഖാമൂലം തന്നെ തന്റെ പരാതി ബോധിപ്പിച്ചു.

പരാതിയിൽ അദ്ദേഹം പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്; ‘വേനൽച്ചൂട് തുടങ്ങിയിരിക്കുന്നു. ഇടയ്ക്കൊക്കെ ഒരു ബിയർ കുടിച്ച് ആശ്വസിക്കാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്. വൈൻ ഷോപ്പുകളിൽ എല്ലാത്തരം ബിയറുകളും വിൽക്കണം. എന്നാൽ ഗുണനിലവാരം കുറഞ്ഞതും പ്രാദേശികമായി നിർമ്മിച്ചതുമായ ബിയറുകൾ മാത്രമാണ് ഇപ്പോൾ ഇവർ വിൽക്കുന്നത്. ഇത്തരത്തിലുള്ള പാനീയങ്ങൾ ആരോഗ്യത്തെ നശിപ്പിക്കുന്നു. അതിനാൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കളക്ടറോട് അഭ്യർത്ഥിക്കുന്നു.’ എന്തായാലും ഇയാളുടെ പരാതിയിൽ കലക്ടർ എന്തു നടപടി സ്വീകരിക്കുമെന്ന് കാത്തിരുന്ന് കാണാം.

Back to top button
error: