KeralaNEWS

ഇന്‍സ്റ്റഗ്രാം കാമുകിക്ക് അമ്മയുടെ പ്രായം! നാലു മക്കളും; ആദ്യ കാഴ്ചയില്‍ പൊട്ടിക്കരഞ്ഞ് 22 വയസുകാരന്‍

മലപ്പുറം: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ കാമുകിയെ നീണ്ട കാത്തിരിപ്പിനുശേഷം നേരിട്ടു കണ്ടപ്പോള്‍ ഞെട്ടലോടെ പൊട്ടിക്കരഞ്ഞ് കാമുകന്‍. സ്വപ്നങ്ങളിലെ മധുരപ്പതിനേഴുകാരിയെ കാത്തിരുന്ന കാമുകനെ തേടി വീട്ടിലെത്തിയത് നാലു കുട്ടികളുടെ മാതാവായ വീട്ടമ്മ. അതില്‍ ഇരുപത്തിരണ്ടുകാരനായ കാമുകന്റെ പ്രായമുള്ള മകനുമുണ്ട്. മലപ്പുറം ജില്ലയിലെ കാളികാവിലാണ് സംഭവം.

കാമുകന്‍ കൈമാറിയ ലൊക്കേഷന്‍ അനുസരിച്ച് കോഴിക്കോട്ടു നിന്നാണ് കാമുകി കാളികാവിലെ വീട്ടിലെത്തിയത്. പ്രണയം ആരംഭിച്ചിട്ട് നാളുകളായെങ്കിലും ഇപ്പോഴാണ് ഇരുവരും നേരിട്ടു കാണുന്നത്. കാമുകിയെ നേരിട്ടു കണ്ടതോടെ മനസ്സ് തകര്‍ന്ന യുവാവും കുടുംബവും അവരെ വീട്ടില്‍നിന്ന് ഇറക്കിവിടാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. യുവാവിന്റെ കൂടെ പുതിയ ജീവിതം തുടങ്ങാനാണ് വന്നതെന്നായിരുന്നു കാമുകിയുടെ നിലപാട്.

വീട്ടമ്മ പിന്തിരിയാന്‍ കൂട്ടാക്കാതിരുന്നതോടെ കാമുകന്‍ അലമുറയിട്ടു കരഞ്ഞു. രംഗം വഷളാകാതിരിക്കാന്‍ കാമുകന്റെ വീട്ടുകാര്‍ പോലീസിന്റെ സഹായം തേടി. അതേസമയം, വീട്ടമ്മയെ കാണാനില്ലെന്ന് ബന്ധുക്കള്‍ കോഴിക്കോട് പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഇതിനിടെ വീട്ടമ്മയെക്കുറിച്ചു വിവരം ലഭിച്ച ബന്ധുക്കള്‍ കാളികാവിലെത്തി. കാമുകന്‍ നിര്‍ബന്ധിച്ച് വീട്ടില്‍നിന്ന് ഇറക്കിക്കൊണ്ടു വന്നതാണെന്ന ധാരണയിലായിരുന്നു അവരുടെ വരവ്. അതുകൊണ്ടുതന്നെ കാമുകനെ ‘ശരിക്കൊന്നു പെരുമാറുക’ കൂടിയായിരുന്നു ലക്ഷ്യം. പോലീസിന്റെ കണ്ണുവെട്ടിച്ച് യുവാവിനെ മര്‍ദിക്കാനുള്ള കാമുകിയുടെ വീട്ടുകാരുടെ പദ്ധതി മനസ്സിലാക്കിയ ബന്ധുക്കള്‍, യുവാവിനെ രക്ഷിക്കാനുള്ള മാര്‍ഗവും ആസൂത്രണം ചെയ്തു.

പോലീസ് സ്റ്റേഷനില്‍നിന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇറങ്ങിയ യുവാവിനെ ബന്ധുക്കള്‍ രഹസ്യമാര്‍ഗം കുടുംബ വീട്ടിലേക്കു മാറ്റുകയായിരുന്നു. ‘പ്രണയ ദുരന്ത’ത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട യുവാവ് ഇപ്പോഴും ഞെട്ടലില്‍നിന്ന് പൂര്‍ണമായും മുക്തനായിട്ടില്ലത്രെ.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: