LIFEMovie

കോട്ടയം രാജ്യാന്തര ചലച്ചിത്രമേള: തിയറ്റർ പ്രൊജക്ഷനിലും നവീന സാങ്കേതിക വിദ്യകൾ വരണമെന്ന് ഓപ്പൺ ഫോറം വിലയിരുത്തൽ

കോട്ടയം: തിയറ്റർ പ്രൊജക്ഷനിൽ നവീന സാങ്കേതികവിദ്യ വരേണ്ട കാലമായെന്ന് കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയോട് അനുബന്ധിച്ച് അനശ്വര തിയറ്ററിൽ സംഘടിപ്പിച്ച ഓപ്പൺ ഫോറം വിലയിരുത്തി. ഛായാഗ്രഹണ മേഖലയിൽ കാമറയിലടക്കം നവീന സാങ്കേതിക മാറ്റങ്ങൾ സംഭവിച്ചിട്ടും തിയറ്റർ പ്രൊജക്ഷനിൽ മാറ്റം വന്നിട്ടില്ല. ഡിജിറ്റൽ ഛായാഗ്രഹണം: സാധ്യതയും വെല്ലുവിളിയും എന്ന വിഷയത്തിലാണ് ഓപ്പൺ ഫോറം സംഘടിപ്പിച്ചത്.

4 കെയിലും (4 K ) 8 കെയിലും (8 K) ഷൂട്ട് ചെയ്യുന്നവ എച്ച്.ഡിയിലും 2 കെയിലുമാണ് നിലവിൽ പ്രദർശിപ്പിക്കന്നത്. ഈ സ്ഥിതി മാറേണ്ടതുണ്ട്. നിരവധി പേർ ഛായാഗ്രാഹകമേഖലയിലേക്ക് എത്തുന്നുണ്ടെങ്കിലും വേണ്ടത്ര ഗൗരവത്തിൽ മേഖലയെ സമീപിക്കുന്നവർ വിരളമാണ്. മേഖലയിൽ ഉറച്ച് നിൽക്കാൻ ആഗ്രഹിക്കുന്നവർ എയ്സ്തെറ്റിക്സ് പഠിക്കേണ്ടതുണ്ട്. ഒരു കഥാപാത്രത്തിന് ഏത് രീതിയിൽ ഘടന വരുത്തണമെന്നത് ഏറെ പ്രധാനമാണെന്നും ഛായാഗ്രാഹകൻ സജൻ കളത്തിൽ പറഞ്ഞു.

പഴയകാല സിനിമാ ചിത്രീകരണത്തെ അപേക്ഷിച്ച് ഡിജിറ്റൽ യുഗത്തിൽ കുറഞ്ഞ വെളിച്ചത്തിൽ പോലും ചിത്രീകരണം മനോഹരമാക്കാനാവുന്നുണ്ടെന്ന് ഛായാഗ്രാഹകൻ വിനോദ് ഇല്ലമ്പള്ളി പറഞ്ഞു. സാങ്കേതികവിദ്യ വളരുന്നതിനനുസരിച്ച് കാലാനുസൃതമായ മാറ്റങ്ങൾ ഛായാഗ്രാഹകർ ഉൾക്കൊള്ളണമെന്ന് അധ്യാപികയും ഛായാഗ്രാഹകയുമായ ഫൗസിയ ഫാത്തിമ പറഞ്ഞു. കോവിഡ് കാലത്തെ മൊബൈൽ ഫോൺ സിനിമകൾ ചലച്ചിത്ര മേഖലയിലെ നൂതന പരീക്ഷണമാണ്.

സിനിമ പഠനം ഒരു നിശ്ചിത കാലയളവിൽ തീരുന്നതല്ലെന്നും പഠനം തുടരേണ്ടതുണ്ടെന്നും ഛായാഗ്രാഹകൻ നിഖിൽ എസ്. പ്രവീൺ അഭിപ്രായപ്പെട്ടു. സിനിമ പ്ലാറ്റ് ഫോം, വിതരണം ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലും മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഫെസ്റ്റിവൽ സംഘാടക സമിതി ചെയർമാൻ പ്രദീപ് നായർ മോഡറേറ്ററായിരുന്നു.

Back to top button
error: