ചെന്നൈ: അണ്ണാ സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനി നേരിട്ട അതിക്രമത്തിനെതിരെ, നിരോധനാജ്ഞ ലംഘിച്ച് മധുരയില്‍ പ്രതിഷേധിച്ച ബിജെപി നേതാവും നടിയുമായ ഖുഷ്ബു ഉള്‍പ്പെടെയുള്ള നൂറോളം സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു പാര്‍പ്പിച്ചത് ആടുകള്‍ക്കൊപ്പം. അതിരൂക്ഷ ദുര്‍ഗന്ധം താങ്ങാനാകാതെ പലര്‍ക്കും അസ്വാസ്ഥ്യമുണ്ടായി.
വിദ്യാര്‍ഥിനി അതിക്രമത്തിനിരയായ സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി മധുരയില്‍നിന്നു നീതി റാലി നടത്തുമെന്നു പ്രഖ്യാപിച്ചിരുന്നു. പൊലീസ് അനുമതി നിഷേധിച്ചതോടെയാണു സ്ത്രീകള്‍ സംഘമായെത്തിയത്. കണ്ണകിയുടെ വേഷം ധരിച്ചും കയ്യില്‍ പന്തമേന്തിയും മുളകരച്ചും പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. തുടര്‍ന്ന് ഇവരെ സമീപത്തെ വിവാഹമണ്ഡപത്തിലാണെത്തിച്ചത്.
ആടുകളെ വളര്‍ത്താനായി വാടകയ്‌ക്കെടുത്ത സ്ഥലത്തെ ഹാളില്‍ ഖുഷ്ബു ഉള്‍പ്പെടെയുള്ളവരെ തടവിലാക്കി. ഇരുന്നൂറോളം ആടുകളാണ് ഇവിടെയുണ്ടായിരുന്നത്. ആടുകളെ വളര്‍ത്തുന്ന വളപ്പില്‍ സ്ത്രീകളെ തടവിലാക്കിയെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചെങ്കിലും പൊലീസ് ഇവരെയും തടഞ്ഞു.