മലയാള സിനിമയെ തകര്‍ക്കാന്‍ ഒരു ഗൂഢ സംഘം പ്രവര്‍ത്തിക്കുന്നതായി കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ. യുട്യൂബിലെ നെഗറ്റീവ് റിവ്യൂസിനെക്കുറിച്ചും ഓണ്‍ലൈന്‍ ടിക്കറ്റിംഗ് മേഖലയിലെ സ്വകാര്യ കമ്പനികളുടെ റേറ്റിംഗിനെക്കുറിച്ചുമൊക്കെ പറഞ്ഞ ഗണേഷ് കുമാര്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ താന്‍ ഇക്കാര്യം അവതരിപ്പിക്കുമെന്നും അറിയിച്ചു. ഗോള്‍ഡന്‍ വിസ സ്വീകരിക്കാനായി ദുബൈയില്‍ എത്തിയ ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
“മലയാള സിനിമയെ നെഗറ്റീവ് റിവ്യൂസ് നല്കി തകര്‍ക്കാന്‍ യുട്യൂബേഴ്സിന് പിന്നില്‍ ഒരു ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു സിനിമ കണ്ടാല്‍ അത് കൊള്ളാമോ കൊള്ളില്ലയോ എന്ന് എനിക്കെന്റെ കൂട്ടുകാരോട് പറയാം. എന്നാല്‍ അത് നാട്ടുകാരോട് പറയാന്‍ നില്‍ക്കുന്നത് ശരിയല്ല. ഇത്തരം ഗൂഢസംഘം ഉണ്ടെന്ന് സര്‍ക്കാരിനും നിര്‍മ്മാതാക്കള്‍ക്കും അഭിനേതാക്കള്‍ക്കുമെല്ലാം അറിയാം. ആ യാഥാര്‍ഥ്യത്തില്‍ നിന്ന് ഒളിച്ചോടേണ്ടതില്ല. ഓണ്‍ലൈന്‍ ടിക്കറ്റിംഗ് സംവിധാനങ്ങള്‍ മുഴുവന്‍ കൈകാര്യം ചെയ്യുന്നത് ഗവണ്മെന്റ് ആകണം, എത്രയും പെട്ടെന്ന്. അല്ലെങ്കില്‍ ഈ ടിക്കറ്റ് വില്‍ക്കുന്ന കമ്പനിയാണ് നമ്മുടെ പടത്തിന്റെ നിലവാരം തീരുമാനിക്കുന്നത്”, ഗണേഷ് കുമാര്‍ പറഞ്ഞു.
“എന്റെ അറിവ് ശരിയാണെങ്കില്‍ ഒരു കോടി രൂപ കൊടുത്താല്‍ പടത്തിനെ ഉപദ്രവിക്കാതിരിക്കും. വിജയിപ്പിക്കും. ഈ ഒരു കോടി രൂപയ്ക്ക് ആദ്യത്തെ ദിവസങ്ങളില്‍ ആളെ കേറ്റും. എന്നിട്ട് ഒരു പോസിറ്റീവ് പ്രൊപ്പഗണ്ട ഉണ്ടാക്കും. ആന്ധ്ര പ്രദേശില്‍ ഈ പ്രൈവറ്റ് ടിക്കറ്റിംഗ് സംവിധാനത്തെ നിരോധിച്ചിരിക്കുന്നെന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്. നമ്മളുംകൂടി അത് അടിയന്തിരമായി നിരോധിക്കുകയും ഗവണ്മെന്റിന്റെ തന്നെ ഒരു ടിക്കറ്റിംഗ് സംവിധാനം അടിയന്തിരമായി കൊണ്ടുവരികയും വേണം. അല്ലെങ്കില്‍ സിനിമാ വ്യവസായം തകരും”, കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ കൂട്ടിച്ചേര്‍ത്തു.