KeralaNEWS

അപേക്ഷ നൽകാത്ത ആൾക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പണം കിട്ടിയെന്ന വിജിലൻസിന്റെ കണ്ടെത്തൽ തെറ്റെന്ന് ഗുണഭോക്താവ്; ‘ഈ വീട് കണ്ടിട്ട് എങ്ങനെ പറയാൻ തോന്നി?’

കൊല്ലം: അപേക്ഷ നൽകാത്ത ആൾക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പണം കിട്ടിയെന്ന വിജിലൻസിന്റെ കണ്ടെത്തൽ തെറ്റെന്ന് ഗുണഭോക്താവ്. കൊല്ലം പടിഞ്ഞാറേ കല്ലട സ്വദേശി രാമചന്ദ്രനാണ് വിജിലൻസിനെതിരെ രംഗത്ത് എത്തിയത്. പ്രളയത്തിൽ തകർന്ന വീടിന്റെ അറ്റകുറ്റപ്പണി നടത്താൻ താൻ അപേക്ഷ നൽകിയത് പ്രകാരമാണ് പണം കിട്ടിയതെന്നാണ് രാമചന്ദ്രന്റെ വിശദീകരണം.

പ്രകൃതി ക്ഷോഭത്തിൽ വീടിന് കേടുപാടുണ്ടായെന്ന് കാണിച്ചു പടിഞ്ഞാറെ കല്ലട സ്വദേശി രാമചന്ദ്രന് നാല് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനധികൃതമായി കൊടുത്തു എന്നായിരുന്നു വിജിലൻസിന്റെ കണ്ടെത്തൽ. രാമചന്ദ്രൻ അപേക്ഷ പോലും നൽകാതെ പണം നൽകിയെന്നാണ് വിജിലൻസിന്റെ വാദം. ഈ കണ്ടെത്തലുകൾ തെറ്റാണെന്നാണ് രാമചന്ദ്രൻ പറയുന്നത്. 2021 ഓക്ടോബറിൽ വീടിന്റെ അറ്റകുറ്റപണിക്കായി അപേക്ഷ നൽകിയിരുന്നു. ഇതു പ്രകാരമാണ് രണ്ടു ഗഡുക്കളായി നാല് ലക്ഷം രൂപ അക്കൗണ്ടിലെത്തിയതെന്ന് രാമചന്ദ്രൻ പറഞ്ഞു.

Signature-ad

പൊട്ടിപ്പൊളിഞ്ഞ നിലയിലാണ് രാമചന്ദ്രന്റെ വീട്. ഈ വീട് കണ്ടിട്ടും കേടുപാടില്ലെന്ന് വിജിലൻസ് പറയുന്നത് എങ്ങനെയെന്നും രാമചന്ദ്രൻ ചോദിക്കുന്നു. രണ്ട് മക്കളുണ്ടെങ്കിലും വര്‍ഷങ്ങളായി ഒറ്റയ്ക്കാണ് താമസം. പലവിധ രോഗങ്ങൾക്ക് ചികിത്സയിലാണ്. ഇക്കാര്യം കൂടി കാണിച്ചാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അപേക്ഷ നൽകിയത്. അക്കൗണ്ടിൽ വന്ന പണത്തിൽ മുപ്പതിനായിരത്തോളം രൂപ ചികിത്സക്കായി എടുത്തു. ബാക്കി പൈസ അതുപോലെയുണ്ട്. ചികിത്സയിലായിരുന്നതിനാലാണ് വീടിന്റെ അറ്റകുറ്റപ്പണി വൈകിയതെന്നും രാമചന്ദ്രൻ പറയുന്നു. അതേസമയം, രാമചന്ദ്രൻ നൽകിയ അപേക്ഷ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് വിജിലൻസിന്റെ വിശദീകരണം. ഇക്കാര്യത്തിൽ കൂടുതൽ പരിശോധന നടത്തുമെന്നും വിജിലൻസ് വ്യക്തമാക്കി.

Back to top button
error: