ഏറെ വാർത്താ പ്രധാന്യം നേടിയതായിരുന്നു പാക് പെൺകുട്ടിയായ ഇഖ്റ ജീവാനി അതിർത്തി കടന്ന് ഇന്ത്യയിലെത്തി കാമുകനൊപ്പം താമസിച്ച സംഭവം. പെൺകുട്ടി എങ്ങനെയാണ് വിസയില്ലാതെ അതിർത്തി കടന്ന് ഇന്ത്യയിലെത്തിയതെന്ന് അത്ഭുതമായിരുന്നു. പെൺകുട്ടി ഇന്ത്യയിലെത്താൻ പണം കണ്ടെത്തിയ വഴികളും സ്വീകരിച്ച മാർഗങ്ങളും വെളിപ്പെടുത്തി കുടുംബം രംഗത്തെത്തിയിരിക്കുകയാണ്.
ലജ്ജാശീലയും ഒതുങ്ങിയ പ്രകൃതക്കാരിയുമായിരുന്നു പെൺകുട്ടി. എന്നാൽ ലുഡോ കളിച്ച് ഇന്ത്യക്കാരനായ മുലായം സിങ് യാദവുമായി പ്രണയത്തിലായി. പ്രണയം പിരിയാൻ വയ്യാത്ത അവസ്ഥയിലായപ്പോൾ ഏറെ സാഹസികമായി ഇന്ത്യയിലേക്ക് പുറപ്പെടുകയായിരുന്നു. എല്ലാ നീക്കങ്ങളും പെൺകുട്ടി രഹസ്യമാക്കി വെച്ചു. തന്റെ ആഭരണങ്ങൾ വിറ്റും കടംവാങ്ങിയും വിമാന ടിക്കറ്റിനും ചെലവിനുമുള്ള പണം കണ്ടെത്തിയത്. ആദ്യം ദുബൈയിലേക്ക് വിമാനം കയറി. അവിടെനിന്ന് വിമാന ടിക്കറ്റിനായി സുഹൃത്തുക്കളിൽ നിന്ന് പണം കടം വാങ്ങി നേപ്പാളിലെ കാഠ്മണ്ഡുലെത്തി. ഇഖ്റ കാഠ്മണ്ഡുവിലെത്തിയപ്പോൾ മുലായം സിങ്ങും അവിടെയെത്തി. തുടർന്ന് ഇരുവരും രഹസ്യമായി വിവാഹം കഴിച്ച് അതിർത്തി വഴി ബിഹാറിലെത്തി. ബിഹാറിൽ നിന്നാണ് ബെംഗളൂരിവിലെത്തിയത്.
കഴിഞ്ഞ സെപ്റ്റംബറിൽ കോളേജിൽ പോയ ശേഷം ഇഖ്റയെ കാണാതായതോടെയാണ് കഥയുടെ തുടക്കം. ഇഖ്റയുമായി ബന്ധപ്പെടാൻ കുടുംബാംഗങ്ങൾ ശ്രമിച്ചെങ്കിലും നടന്നില്ല. മക്കളെ കാണാനില്ലെന്ന് കരുതി തിരച്ചിൽ എന്നെന്നേക്കുമായി അവസാനിപ്പിച്ചതായി അവളുടെ പിതാവ് സൊഹൈൽ ജീവാനി പറഞ്ഞു. അവൾക്ക് തനിച്ച് ഇന്ത്യയിലേക്ക് പോകാൻ എങ്ങനെ ധൈര്യം സംഭരിച്ചുവെന്ന് ഞങ്ങൾക്ക് ഇപ്പോഴും അറിയില്ല. സംഭവത്തിൽ ഞങ്ങളും അത്ഭുതപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാല് മാസത്തിനിടെ സംഭവിച്ചതിന്റെ ഞെട്ടലിൽ നിന്ന് കുടുംബം കരകയറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കറാച്ചിയിൽ നിന്ന് ദുബായിലേക്കും പിന്നീട് കാഠ്മണ്ഡുവിലേക്കും അവിടെ നിന്ന് ഇന്ത്യയിലേക്കും 16 കാരിയായ ഇഖ്റ എങ്ങനെ യാത്ര ചെയ്തു എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ഇപ്പോഴും അവശേഷിക്കുന്നു. പേരുമാറ്റിയാണ് മുലായം സിങ് യാദവ് പെൺകുട്ടിയുമായി അടുത്തെന്ന് കുടുംബം ആരോപിക്കുന്നു. സോഫ്റ്റ്വെയർ എഞ്ചിനീയറായ സമീർ അൻസാരിയാണെന്നാണ് യുവാവ് പറഞ്ഞത്. പെൺകുട്ടി ഇന്ത്യയിലേക്ക് പുറപ്പെടാൻ വിസക്കായി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെയാണ് ദുബൈ-കാഠ്മണ്ഡു വഴി ഇന്ത്യയിലേക്ക് തിരിച്ചതെന്നും പെൺകുട്ടിയുടെ അമ്മാവൻ അഫ്സൽ ജീവാനി പറഞ്ഞു.
കഴിഞ്ഞ മാസമാണ് പെൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുലായം സിങ്ങിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഇന്ത്യൻ അധികൃതർ പെൺകുട്ടിയെ പാകിസ്ഥാന് കൈമാറി. കുടുംബം ലാഹോറിലെത്തിയാണ് പെൺകുട്ടിയെ ഏറ്റുവാങ്ങിയത്.