KeralaNEWS

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തട്ടിപ്പ് പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരുന്നതിനു തുല്യമെന്നു കെ. സുരേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലെ ക്രമക്കേട് പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരുന്നതിന് തുല്ല്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സർവ്വത്ര തട്ടിപ്പാണ് കേരളത്തിൽ നടക്കുന്നത്. തട്ടിപ്പ് നടത്താൻ വേണ്ടി സർക്കാർ തലത്തിൽ തന്നെ പ്രത്യേകസംഘമുണ്ട്. പ്രളയഫണ്ട് തട്ടിപ്പ് പോലെ ദുരിതാശ്വാസ നിധിയിലും തട്ടിപ്പ് നടത്തുന്നത് സിപിഎമ്മിന്റെയും സർക്കാരിന്റെയും സ്വന്തക്കാരാണ്. വിജിലൻസ് അന്വേഷണം കുറ്റക്കാരെ രക്ഷപ്പെടുത്താൻ വേണ്ടിയുള്ള നാടകം മാത്രമാണ്. മുഖ്യമന്ത്രി പാർട്ടിക്കാരെ രക്ഷിക്കാനാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുന്നത്. വിഷയത്തിൽ ജുഡീഷ്യൽ അനേ്വഷണം നടത്താൻ സർക്കാർ തയ്യാറാവണം. ലൈഫ്മിഷൻ കേസ് അട്ടിമറിക്കാൻ ശ്രമിച്ചത് വിജിലിൻസ് ആണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
പ്രളയ ഫണ്ട് തട്ടിപ്പ് നടത്തിയ സിപിഎം നേതാക്കളെ സർക്കാർ സംരക്ഷിച്ചതാണ് ദുരിതാശ്വാസനിധി കക്കാൻ അവർക്ക് ധൈര്യം നൽകിയത്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഏജന്റുമാർ ദുരിതാശ്വാസ ഫണ്ടിൽ ക്രമക്കേട് നടത്തുന്നത്. ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം അവരെ സംരക്ഷിക്കുകയാണ് സർക്കാർ ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിശ്വാസത തകർക്കുന്ന ഇത്തരം സംഭവങ്ങൾക്കെതിരെ സർക്കാരിന്റെ അനാസ്ഥ പ്രതിഷേധാർഹമാണ്. ഇടത് സർക്കാർ എല്ലാ പദ്ധതികളും അഴിമതി നടത്താനുള്ള ഉപാധിയാക്കി മാറ്റുമ്പോൾ ഉദ്യോഗസ്ഥൻമാരും പാർട്ടിക്കാരും ചേർന്ന് അനർഹർക്ക് ആനുകൂല്ല്യങ്ങൾ വഴിമാറ്റി വിതരണം ചെയ്ത് കമ്മീഷൻ അടിക്കുകയാണ്. ലൈഫ്മിഷൻ തട്ടിപ്പിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിലായതും പ്രൈവറ്റ് സെക്രട്ടറിയെ ഇഡി ചോദ്യം ചെയ്യുന്നതും മുഖ്യമന്ത്രിയുടെ പങ്ക് ജനങ്ങളുടെ മുമ്പിൽ അനാവരണം ചെയ്യുന്നതാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

Back to top button
error: