KeralaNEWS

ഇടുക്കിയിൽ ഉത്സവത്തിനിടെ ആദിവാസി യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ ഗോത്ര വര്‍ഗ കമ്മീഷന്‍ കേസെടുത്തു

അടിമാലി: ഉത്സവത്തിനിടെ ആദിവാസി യുവാവിനെ മര്‍ദിച്ച സംഭവത്തില്‍  ഗോത്ര വര്‍ഗ കമ്മീഷന്‍ കേസെടുത്തു. അടിമാലി ശാന്തിഗിരി മഹേശ്വര ക്ഷേത്രത്തില്‍ ശിവരാത്രിയോട് അനുബന്ധിച്ച് നടന്ന പരിപാടിയില്‍ അദിവാസി യുവാവിനെ ആക്രമിച്ച സംഭവത്തിലാണ് പട്ടികജാതി പട്ടികഗോത്ര വര്‍ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്.  അടിമാലി സ്വദേശി ജസ്റ്റിന്‍ എന്ന വ്യക്തിയാണ് ആദിവാസി യുവാവിനെ മര്‍ദിച്ചത്. ആദിവാസി യുവാവിനെ ആക്രമിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 12 മണിക്കൂറിനുള്ളില്‍ അയ്യായിരത്തോളം ആളുകള്‍ വീഡിയോ ഷെയര്‍ ചെയ്യുകയും വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ഈ വിവരം ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ ജസ്റ്റിനെതിരെ സ്വമേധയ കേസ് എടുത്തത്. ഈ വിഷയത്തിന്മേല്‍ അടിയന്തരമായി അന്വേഷണം നടത്തി ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ഇടുക്കി ജില്ലാ പോലീസ് മേധാവിക്കും, അടിമാലി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ക്കും കമ്മീഷന്‍ നിര്‍ദേശം നല്‍കി.  ഈ മാസം 17 ന് രാത്രിയിലാണ് ക്ഷേത്രത്തില്‍ സംഘര്‍ഷം ഉണ്ടായത്. ഒരു കാര്‍ കലാപരിപാടി നടക്കുന്ന സ്‌റ്റേജിന് സമീപത്തെ റോഡിലൂടെ വന്നതും തുടര്‍ന്ന് ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റവും സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ബുധനാഴ്ച്ച ഉച്ചയോടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇത് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മര്‍ദിച്ച യുവാവിനെതിരെ കമ്മീഷന്‍ കേസ് എടുക്കാന്‍ അനേ്വഷണത്തിന് നിര്‍ദേശം നല്‍കിയത്. അന്ന് അക്രമത്തില്‍പ്പെട്ട ജസ്റ്റിന്‍ ഉള്‍പ്പടെ മൂന്നു പ്രതികള്‍ ഇപ്പോള്‍ കേസില്‍ റിമാന്‍ഡിലാണ്.

Back to top button
error: