കുമളി: സര്‍വീസില്‍നിന്നു പുറത്താക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നും വന്‍ ചീട്ടുകളി സംഘത്തെ പിടികൂടിയതിനൊപ്പം ആയുധങ്ങളും വന്യമൃഗത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. ലൈസന്‍സില്ലാത്ത രണ്ട് എയര്‍ റൈഫിളുകള്‍, തിരകള്‍, വെടിമരുന്ന് നിറച്ച തോട്ടകള്‍, വന്യമൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ എന്നിവയാണ് വീട്ടില്‍ നിന്നും കണ്ടെത്തിയത്. ഇതിനൊപ്പം ഇയാളുടെ വീട്ടിന്റെ മുകളിലത്തെ നിലയില്‍ നിന്ന് ഒന്‍പതംഗ ചീട്ടുകളി സംഘത്തെയും ഇവരില്‍ നിന്ന് ഒരു ലക്ഷത്തി മുപ്പത്തിനാലായിരത്തി നാല്‍പ്പത് രൂപയും പിടിച്ചെടുത്തു.
വീട്ടുടമയും മുന്‍ പോലീസ് ഉദ്യോഗസ്ഥനുമായ കിഴക്കയില്‍ ഈപ്പന് വര്‍ഗീസ്, ചീട്ടുകളി സംഘത്തില്‍ പെട്ട ഈരാറ്റുപേട്ട അരുവിത്തുറ തെക്കേക്കര കൊച്ചു പറമ്പില്‍ വീട്ടില്‍ ഹബീബ് (63), ഈരാറ്റുപേട്ട കടുവാമുഴി വാഴമറ്റം മുഹമ്മദ് റസി (43), ഏലപ്പാറ മാര്‍ക്കറ്റ് ഭാഗത്ത് മാത്യു പോള്‍(49), കട്ടപ്പന വേലമ്മാവ് കുടിയില്‍ ജയ്മോന് (48), ഈരാറ്റുപേട്ട തെക്കെക്കര പുലിയാനിക്കല്‍ ആബിന്‍ ബഷിര്‍ (37), ഈരാറ്റുപേട്ട തലപ്പലം കിരിയാത്തോട്ടം ഹാരിസ് (54), കുമളി അട്ടപ്പള്ളം ഈട്ടിവിളയില്‍ സാജന് (40), കട്ടപ്പന ഇരുപതേക്കര്‍ മട്ടക്കല്‍ ഷൈജോ (36), തോപ്രാംകുടി കൈപ്പന്‍പ്ലാക്കല്‍ ജിനേഷ് (41) എന്നിവരെയാണ് ചീട്ടുകളിയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്.
കുമളി ടൗണിനു സമിപം തമിഴ്നാട് വനാതിര്‍ത്തിയോട് ചേര്‍ന്നാണ് മുന്‍ പോലീസ് ഉദ്യോഗസ്ഥനായിരുന്ന കിഴക്കയില്‍ ഈപ്പന് വര്‍ഗീസ് താമസിക്കുന്നത്. ഇയാളുടെ വീടിന്റെ രണ്ടാം നിലയില്‍ പണം വെച്ചുള്ള ചീട്ടുകളി നടക്കുന്നു എന്ന രഹസ്യവിവരത്തെ തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ മാസം കട്ടപ്പന ഡിവൈ.എസ്.പി: വി.എ. നിഷാദ്മോന്റെ നേതൃത്വത്തില്‍ പോലീസ് വേഷം മാറി ഇവിടെ എത്തി പരിശോധന നടത്തിയിരുന്നു. 251000 രൂപയോളം പിടികൂടുകയും ചെയ്തു. അന്ന് ചീട്ടുകളി സംഘം തമിഴ്നാട് കാടുകളിലേക്ക് ഓടി രക്ഷപെടുകയായിരുന്നു. വീണ്ടും ഇതേ കേന്ദ്രത്തില്‍ പണം വച്ചുള്ള ചീട്ടുകളി നടക്കുന്നുണ്ടെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കട്ടപ്പന ഡിവൈ.എസ്.പി. വി.എ. നിഷാദ് മോന്റെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് നടത്തിയ റെയ്ഡിലാണ് ചീട്ടുകളി സംഘത്തെ കുടുക്കിയത്.
ചീട്ടുകളി സംഘത്തെ പിടികൂടാന്‍ ശ്രമിക്കവേ പ്രതികള്‍ താഴത്തെ നിലയില്‍ താമസിക്കുന്ന ഈപ്പന് വര്‍ഗീസിന്റെ മുറിയില്‍ ഓടി കയറിയിട്ടുണ്ടാവാം എന്ന സംശയത്തിന്റെ പേരില്‍ നടത്തിയ പരിശോധനയിലാണ് മുറിയില്‍ പല സ്ഥലങ്ങളിലായി ഒളിപ്പിച്ചു വച്ചിരുന്ന തോക്കുകളും മറ്റും കണ്ടെത്തിയത്. ഈപ്പന് വര്‍ഗിസിന്റെ ഭാര്യയും മക്കളും വിദേശത്ത് ആയതിനാല്‍ കുമളിയില്‍ തമിഴ്നാട് വനാതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥലം വാങ്ങി കെട്ടിടം പണിത് അവിടെ ചീട്ടുകളി ക്ലബും നായാട്ടും മറ്റും സ്ഥിരമായി നടത്തി വരുന്നതായി അറിവ് കിട്ടിയിരുന്നതായി പോലീസ് പറഞ്ഞു. അന്വേഷണസംഘത്തില്‍ കുമളി സി.ഐ. ജോബിന് ആന്റണി, എസ്.ഐമാരായ അനൂപ് മോന്, പി.ഡി. സജിമോന്‍ ജോസഫ്, എ.സി.പിഒ മാരായ സിയാദുധീന്‍, സിനോജ്, സതീഷ്. ഡി. ജോബിന് ജോസ്, സി.പി.ഒ. മാരായ മഹേഷ് ഈഡന്, നദീര്‍ മുഹമ്മദ്, ടോം സ്കറിയ, അനൂപ്, അനുജ്, സുബിന്, അനീഷ് എന്നിവരും ഉണ്ടായിരുന്നു.