വടവാതൂർ: നൂറ്റി ഏഴ് വർഷം പഴക്കമുള്ള വടവാതൂർ ഗവ: ഹൈസ്കൂളിൽ നബാഡിൻ്റെ സഹായത്തോടെ രണ്ട് കോടി മുടക്കി നിർമ്മിച്ച പുതിയ ബഹുനില മന്ദിരത്തിൻ്റെ ഉദ്ഘാടനം ഫെബ്രുവരി 24ന് നടക്കും. വിജയപുരം പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂളാണിത്. 1916 ൽ പഴൂർ ചക്കുപുരയ്ക്കൽ വർക്കി ഏബ്രഹാം സൗജന്യമായി നൽകിയ സ്ഥലത്ത് എൽ പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു.
പിന്നീട് യൂ പി സ്കൂളായും 2013ൽ ഹൈസ്കൂളായും ഉയർത്തി. കഴിഞ്ഞ എട്ട് വർഷമായി എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം കരസ്ഥമാക്കി വരുന്നു. എം ആർഎഫിൻ്റെ സഹായത്തോടെ 15 ലക്ഷം രൂപ ചിലവിട്ട് നിർമ്മിച്ച മികച്ച സയൻസ് ലാബ് ഈ സ്കൂളിൻ്റെ പ്രത്യേകതയാണ്. മികച്ച ഐടി ലാബും പൂർത്തിയായി.
24 ന് വൈകിട്ട് 5ന് മന്ത്രി വി.എൻ.വാസവൻ ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ അദ്ധ്യക്ഷനാകും. തോമസ് ചാഴിക്കാടൻ എം പി മുഖ്യ പ്രഭാഷണം നടത്തും. ഐ ടി ലാബിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ബിന്ദു നിർവഹിക്കും. പദ്ധതി വിശദീകരണം വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോളും, റിപ്പോർട്ടിംഗ് പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയർ ലൈജു എം.ജിയും നിർവഹിക്കും. പ്രധാന അദ്ധ്യാപിക പ്രേമലത പി.പി, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സോമൻകുട്ടി വി.ടി, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ പി.എസ്. പുഷ്മണി എന്നിവർ സംസാരിക്കും.