CrimeNEWS

ഉത്തർപ്രദേശിൽ വീണ്ടും ദുരഭിമാനക്കൊല; കാമുകനൊപ്പം പോയ പെൺകുട്ടിയെ അച്ഛനും അമ്മാവനും ചേർന്ന് കൊന്നു കനാലിലെറിഞ്ഞു; രണ്ടു പേരും അറസ്റ്റിൽ

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും ദുരഭിമാന കൊല. കാമുകനൊപ്പം പോയ പെൺകുട്ടിയെ അച്ഛനും അമ്മാവനും ചേർന്ന് കഴുത്തു ഞെരിച്ച് കൊന്നു കനാലിലെറിഞ്ഞു. 17 വയസുകാരിയുടെ കൊലപാതകത്തില്‍ അച്ഛനെയും അമ്മാവനെയും പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഇരുവരും ചേര്‍ന്ന് മൃതദേഹം കനാലില്‍ എറിഞ്ഞതായി പൊലീസ് പറഞ്ഞു മഥുരയിലാണ് സംഭവം. പെൺകുട്ടിയുടെ അച്ഛന്‍ ബല്‍വീര്‍ സിങ്, അമ്മാവന്‍ തേജ്പാല്‍ സിങ് എന്നിവരാണ് അറസ്റ്റിലായത്.

പെണ്‍കുട്ടി ഒരു യുവാവുമായി അടുപ്പത്തിലായിരുന്നു. യുവാവുമായുള്ള പെണ്‍കുട്ടിയുടെ പ്രണയത്തില്‍ വീട്ടുകാര്‍ക്ക് താത്പര്യം ഉണ്ടായിരുന്നില്ല. ദിവസങ്ങള്‍ക്ക് മുന്‍പ് പെണ്‍കുട്ടിയെ കാണാതായി. മകള്‍ പല്‍വാളില്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞ് അച്ഛന്‍ ബല്‍വീര്‍ സിങ്ങും അമ്മാവന്‍ തേജ്പാല്‍ സിങ്ങും അവിടേയ്ക്ക് പോയി. തുടര്‍ന്ന് പെണ്‍കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കനാലില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

Signature-ad

മൂന്ന് ദിവസം കഴിഞ്ഞ് മകളെ കാമുകന്‍ തട്ടിക്കൊണ്ടുപോയി എന്ന് കാണിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കാമുകന്‍ ഗോപാല്‍ സിങ്ങിനെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന് പിന്നില്‍ അച്ഛനും അമ്മാവനുമാണെന്ന് കണ്ടെത്തിയതെന്നും പൊലീസ് പറയുന്നു.

കുടുംബത്തിന്റെ ഫോൺകോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലേക്ക് എത്തിയത്. ഇരുവരെയും ചോദ്യം ചെയ്തപ്പോള്‍ കുറ്റസമ്മതം നടത്തിയതായും ഇത് ദുരഭിമാന കൊലയാണെന്നും ഡിഎസ്പി നീലേഷ് മിശ്ര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: