Food

രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാൻ ആപ്പിളും ഓറഞ്ചും കിവിയും പപ്പായയും  പിയറും കഴിക്കൂ

  രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും എളുപ്പ മാര്‍ഗം പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണ്. ഏതെല്ലാം പഴങ്ങളാണ് എളുപ്പത്തില്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതെന്ന്  മനസ്സിലാക്കുക.

ഓറഞ്ച്

എല്ലാകാലത്തും ആശ്രയിക്കാവുന്ന പഴങ്ങളില്‍ ഒന്നാണ് ഓറഞ്ച്. ഒരു ദിവസം വേണ്ട വൈറ്റമിന്‍ സിയുടെ നല്ലൊരു ശതമാനവും ഓറഞ്ചില്‍ നിന്ന് ലഭിക്കും. ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും. കോശങ്ങളുടെ അപചയം തടയുന്നതിനും കൊളാജന്‍ സിന്തസിസ് പ്രോത്സാഹിപ്പിക്കുന്നതിനും പുറമേ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സ്ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കാനും വിറ്റാമിന്‍ സി സഹായിക്കും.

പപ്പായ

വൈറ്റമിന്‍ ധാരളമടങ്ങിയ മറ്റൊരു പഴമാണ് പപ്പായ. ഇതിനുപുറമേ പപ്പായയില്‍ ആന്റി-ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുള്ള പപ്പൈന്‍ എന്ന ദഹന എന്‍സൈം അടങ്ങിയിട്ടുണ്ട്. ഇവയില്‍ മിതമായ തോതില്‍ പൊട്ടാസ്യം, മഗ്‌നീഷ്യം, ഫോളേറ്റ് എന്നിവ അടങ്ങിയിട്ടുണ്ടെന്നതും ആരോഗ്യത്തിന് ഗുണം ചെയ്യുന്നതാണ്.

കിവി

പപ്പായ പോലെ വിവിധതരം പോഷകങ്ങളാല്‍ സമൃദ്ധമാണ് കിവിയും. ഫോളേറ്റ്, പൊട്ടാസ്യം, വൈറ്റമിന്‍ കെ, വൈറ്റമിന്‍ സി തുടങ്ങിയ പോഷകങ്ങള്‍ കിവി നല്‍കും. ഇവയിലുള്ള വൈറ്റമിന്‍ സി രോഗത്തിനെതിരെ പോരാടാന്‍ വെളുത്ത രക്താണുക്കളെ ശക്തിപ്പെടുത്തും. സന്തോഷ ഹോര്‍മോണുകളെ ബൂസ്റ്റ് ചെയ്ത് പ്രതിരോധശേഷിയോടൊപ്പം നിങ്ങളുടെ മാനസികാവസ്ഥയെയും ഇവ മെച്ചപ്പെടുത്തും.

ആപ്പിള്‍

നാരുകളും ശുദ്ധീകരിക്കാത്ത പഞ്ചസാരയും ആപ്പിള്‍ കഴിക്കുമ്പോള്‍ ശരീരത്തിന് ലഭിക്കുന്നുണ്ടെന്ന് നമുക്കറിയാം. എന്നാല്‍ ആപ്പിളിന്റെ തൊലിയില്‍ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്ന ഒരു തരം ഫ്ലേവനോയിഡ് പ്ലാന്റ് പിഗ്മെന്റായ ക്വെര്‍സെറ്റിന്‍ അടങ്ങിയിട്ടുണ്ടെന്ന് അറിയാമോ? അതുകൊണ്ടുതന്നെയാണ് ദിവസവും ഒരു ആപ്പിള്‍ വീതം കഴിക്കുന്നത് നല്ലതാണെന്ന് പറയുന്നത്. തൊലി ഉള്‍പ്പെടെ കഴിക്കാന്‍ ശ്രദ്ധിക്കണം.

പിയര്‍

വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ള മറ്റൊരു രുചികരമായ പഴമാണ് പിയര്‍. എന്നാല്‍ പോഷകഗുണം ലഭിക്കണമെങ്കില്‍ ഇവയും തൊലിയടക്കം കഴിക്കണം. ധാരാളം നാരുകളും പൊട്ടാസ്യവും പ്രധാനം ചെയ്യുന്ന പിയറിന്റെ തൊലിയില്‍ ആന്റി-ഇന്‍ഫ്ളമേറ്ററി ഫ്ളേവനോയിഡുകളും അടങ്ങിയിട്ടുണ്ട്.

Back to top button
error: