നന്മ നിറഞ്ഞ കള്ളൻ ‘വെള്ളായണി പരമു’ തീയേറ്ററുകളിലെത്തിയിട്ട് ഫെബ്രുവരി 23 ന് 44 വർഷം
സിനിമ ഓർമ്മ
പ്രേംനസീർ ‘വെള്ളായണി പരമു’വായി അരങ്ങ് തകർത്തിട്ട് 44 വർഷം. 1979 ഫെബ്രുവരി 23 നാണ് ശശികുമാർ സംവിധാനം ചെയ്‌ത ഈ ബ്ളാക്ക് ആൻഡ് വൈറ്റ് ചിത്രം പ്രദർശനത്തിനെത്തിയത്. രചന- പാപ്പനംകോട് ലക്ഷ്‌മണൻ. തിരുവനന്തപുരം ജില്ലയിലെ വെള്ളായണിയിൽ 1890 കളിൽ ജീവിച്ച പരമു എന്ന നന്മ നിറഞ്ഞ കള്ളന്റെ ജീവിതമാണ് സിനിമയ്ക്ക് പ്രചോദനം. വെള്ളത്തിനടിയിൽ ദീർഘനേരം മുങ്ങിക്കിടക്കുക പോലുള്ള കഴിവുകൾ സ്വായത്തമായിരുന്ന മനുഷ്യനായിരുന്നു പരമു എന്നാണ് പറയപ്പെടുന്നത്. ‘തീണ്ടലും അയിത്തവും നിലനിന്നിരുന്ന കാലത്ത് ജന്മിമാരോട് പടപൊരുതി വെള്ളായണി ക്ഷേത്രത്തിൽ പരമു അവർണ്ണർക്ക് പ്രവേശനം നേടികൊടുത്തു. 1919ൽ നിരണം പള്ളിയിലെ പൊന്നിൻ കുരിശ്ശ് കവർന്ന സംഭവം പരമുവിനെ തിരുവിതാംകൂർ മുഴുവൻ പ്രശസ്തനാക്കി. ഇതിനേത്തുടർന്ന് ഒളിവിൽ പോയ പരമു, കുളത്തൂപ്പുഴയിൽ വച്ച് തിരുവിതാംകൂർ പോലീസിൻ്റെ പിടിയിലായി. 1950 ൽ സുഹൃത്തായ നാഗർകോവിൽ സ്വദേശി സെയ്ദുകണ്ണീന്റെ വീട്ടിൽ വച്ച് പരമു മരിച്ചു. ഇതാണ് പരമുവിനെക്കുറിച്ച് എഴുതപ്പെട്ട ചരിത്രം.
പരമുവിനെ വിവാഹങ്ങൾക്ക് ക്ഷണിച്ചാൽ പോവുകയില്ല. കാരണം, ‘തിരിച്ചു വരുന്ന വഴി വല്ല ചരുവമോ, മൊന്തയോ, കിണ്ടിയോ ഞാനറിയാതെ എന്റെ കക്ഷത്തിരുന്നെന്ന് വരും.’ മോഷ്ടിച്ചെടുത്തതെല്ലാം ഉടമസ്ഥർക്ക് തിരിച്ചു കൊടുക്കാനായി അവ മുഴുവൻ ഒരു ആത്മീയാചാര്യനെ ഏൽപിച്ചാണത്രെ പരമു മരിച്ചത്.
സിനിമയിൽ പ്രേംനസീറാണ് പരമുവിന്റെ അവതരിപ്പിച്ചത്. ജയൻ, ജയഭാരതി, സോമൻ തുടങ്ങിയവരും അഭിനയിച്ചു. ശശികുമാറിന്റെ തന്നെ ‘ഇത്തിക്കരപ്പക്കി’ അടക്കം ഏറെ ചിത്രങ്ങൾ നിർമ്മിച്ച ഇ.കെ ത്യാഗരാജനാണ് പരമുവും നിർമ്മിച്ചത്. സംഗീതവിഭാഗം: ശ്രീകുമാരൻ തമ്പി- ദേവരാജൻ.
സമ്പാദകൻ: സുനിൽ കെ ചെറിയാൻ